ലണ്ടൻ: ഉറങ്ങിപ്പോയതിനാൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. നല്ല രണ്ട് പെട കൊടുത്തിരുന്നെങ്കിൽ ചാടിയെണീറ്റ് പരീക്ഷയ്ക്ക് പോയേനേ എന്നല്ലേ പറയാൻ വന്നത്? പരീക്ഷയ്ക്ക് പോവാതെ മനഃപൂർവം കിടന്നുറങ്ങിയതാണെന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. സ്ളീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം എന്ന രോഗമാണ് ബ്രിട്ടീഷുകാരി റോഡാ റോഡ്രിഗ്രസിനെ പരീക്ഷ പോലും എഴുതാൻ അനുവദിക്കാത്തത്.
ഈ രോഗം ബാധിച്ച വ്യക്തി മൂന്ന് ആഴ്ചവരെ തുടർച്ചയായി ഉറങ്ങിപ്പോകും. രോഗം കാരണം ആദ്യവർഷ പരീക്ഷ എഴുതിയില്ല.
അതിനാൽ ആ വർഷം തോറ്റു. സപ്ളിമെന്ററി പരീക്ഷ എഴുതിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് റോഡാ ഇപ്പോൾ. അതിനിടയ്ക്ക് സ്ലീപ്പിംഗ് ബ്യൂട്ടി ചതിക്കുമോ എന്ന പേടിയും ഇല്ലാതില്ല.
ഉറക്കത്തിന് ചില്ലറ പ്രശ്നങ്ങൾ നേരത്തേ ഉണ്ടായിരുന്നെങ്കിലും അടുത്തിടെയാണ് സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോമാണെന്ന് വ്യക്തമായത്. രോഗം പൂർണമായും മാറ്റാനൊക്കില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.കാര്യമറിയാതെ പലരും തന്നെ കളിയാക്കുന്നതാണ് റോഡായെ ഏറെ വേദനിപ്പിക്കുന്നത്. പലരും മടിച്ചി എന്ന് വിളിക്കാറുണ്ട്. അത് തന്നെ വേദനിപ്പിക്കാറുണ്ട്. ഈ ഉറക്കത്തിന്റെ ഫലം ഭീകരമാണ്. ജീവിതം മുഴുവനായും ഈ രോഗത്തിന് വിട്ടുകൊടുക്കാൻ ആഗ്രഹമില്ല. പക്ഷെ, പലപ്പോഴും നിസ്സഹായയാണ്-റോഡാ പറയുന്നു.