നോർഡിലിൻഗെൻ ഒരു കൊച്ചു പട്ടണമാണ്. ജർമനിയിലെ ബവാറിയ എന്ന സംസ്ഥാനത്തെ ഒരു കൊച്ചു നഗരം. പെട്ടെന്ന് കാണുമ്പോൾ ജർമനിയിലെ മറ്റു പട്ടണങ്ങളെ പോലെ കൽഭിത്തികളും ഓടുകൊണ്ടുള്ള മേൽക്കൂരകളുമുള്ള അനേകം കെട്ടിടങ്ങൾ നിറഞ്ഞ ഒരു സാധാരണ നഗരം പോലെ തോന്നും. എന്നാൽ, ഈ കെട്ടിടങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. കെട്ടിടങ്ങളുടെ ചുവരുകൾ ഒരു മൈക്രോ സ്കോപ്പ് ഉപയോഗിച്ച് നോക്കിയാൽ ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരമെന്ന് നോർഡിലിൻഗെനെ വിളിക്കും.
ഈ ചുവരുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നത് 72,000 മൈക്രോസ്കോപ്പിക് വജ്രങ്ങളാണ് എന്ന് അറിഞ്ഞാൽ ആളുകൾ അമ്പരക്കും.
150 ലക്ഷം വർഷം മുമ്പ് ബഹിരാകാശത്തു നിന്നെത്തിയ ഒരു ഭീമൻ ഉൽക്ക ഇവിടെ പതിച്ചതായി പഠനങ്ങൾ പറയുന്നു. സെക്കൻഡിൽ 15.5 മൈൽ വേഗത്തിൽ സഞ്ചരിച്ചിരുന്ന ഈ ഉൽക്കയ്ക്ക് ഒരു കിലോമീറ്ററോളം വിസ്താരവും 300 ലക്ഷം ടൺ ഭാരവും ഉണ്ടായിരുന്നു.
ഈ ഉൽക്ക ഭൂമിയിൽ പതിച്ചപ്പോഴുണ്ടായ ഉയർന്ന താപവും മർദ്ദവും നിമിത്തം ഉൽക്ക ഉരുകുകയും ഗ്ലാസ്, ക്രിസ്റ്റൽ, വജ്രം എന്നിവ അടങ്ങിയ ഒരുതരം കല്ല് രൂപപ്പെടുകയും ചെയ്തുവെന്നും പറയുന്നു. പിന്നീട് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷമാണ്, കൃത്യമായി പറഞ്ഞാൽ എഡി 898ൽ ഇവിടെ മനുഷ്യവാസം ആരംഭിച്ചത്. എന്നാൽ അന്ന് ഇവിടെ എത്തി വീടുവച്ച് താമസിച്ചവർക്ക് തങ്ങൾ ലോകത്ത് ഏറ്റവും അധികം വജ്രസാന്ദ്രതയുള്ള സ്ഥലത്താണ് താമസിക്കുന്നതെന്ന് അറിയില്ലായിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത.
ലക്ഷക്കണക്കിന് വജ്രങ്ങൾ ഇവിടെ ചിതറിക്കിടപ്പുണ്ടായിരുന്നെങ്കിലും അവ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമായിരുന്നില്ല.
തങ്ങൾ താമസിക്കുന്നത് എന്തൊക്കെയോ പ്രത്യേകതയുള്ള കല്ലിന് മുകളിലാണെന്ന് മനസിലാക്കിയ നോർഡിലിൻഗെൻകാർ കെട്ടിടങ്ങൾ പണിയാനും മറ്റും ഈ കല്ലുകൾ ഉപയോഗിച്ചു. അഗ്നിപർവത സ്ഫോടനത്തിലോ മറ്റോ രൂപപ്പെട്ടതാണ് ഈ കല്ലുകൾ എന്നാണ് ആളുകൾ വിശ്വസിച്ചിരുന്നത്.
എന്നാൽ 1960ലാണ് ഇത് ഒരു ഉൽക്കയാണെന്ന് ലോകം തിരിച്ചറിഞ്ഞത്. കാര്യം ഇത്രയും വജ്രക്കല്ലുകളൊക്കെയുണ്ടെങ്കിലും അവയുടെ വലുപ്പം 0.33മില്ലിമീറ്ററിലും കുറവായതിനാൽ അവയ്ക്ക് വിലയൊന്നും ലഭിക്കില്ല.