വളർച്ചയ്ക്ക് പ്രാണവായു ആവശ്യമുള്ള ഈ രോഗാണു, ഓരോ 16 - 20 മണിക്കൂറിൽ സ്വയം വിഘടിച്ച് പുത്രികാകോശങ്ങളായി വളരുന്നു. ഇത് മറ്റ് ബാക്ടീരിയകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വളർച്ചാനിരക്കാണ്. അവ ഒരു മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് വളർച്ചയെത്തി സ്വയം വിഘടിച്ച് പുത്രികാകോശങ്ങളായി വീണ്ടും വളരുന്നു. [ഉദാ: മനുഷ്യന്റെ വൻകുടലിൽ വളരുന്ന ഇ-കോളി എന്ന ബാക്ടീരിയയ്ക്ക് അനുകൂല സാഹചര്യത്തിൽ 20 മിനിട്ട് കൊണ്ട് വളർച്ചയെത്തി സ്വയം വിഘടിക്കാനാകും].
മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് ബാക്ടീരിയയ്ക്ക് കോശഭിത്തി ഉണ്ടെങ്കിലും ഫോസ്ഫോലിപിഡ് കൊണ്ടുള്ള പുറം പാളി ഇല്ലാത്തതിനാൽ ഇതിനെ ഗ്രാം പോസിറ്റീവ് ബാക്ടീരിയയായി കണക്കാക്കുന്നു. എന്നാൽ, കോശഭിത്തിയിൽ ഉയർന്ന അളവിൽ കൊഴുപ്പും മൈകോളിക് അമ്ളവും ഉള്ളതിനാൽ ഗ്രാം സ്റ്റെയ്ൻ ചെയ്യുമ്പോൾ വളരെ കുറച്ചു മാത്രമേ നിറംപിടിക്കുകയുള്ളൂ.
മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് ഉരുണ്ടു നീണ്ട ഒരു ബാക്ടീരിയയാണ്. ശക്തി കുറഞ്ഞ അണുനാശിനികളെയെന്ന പോലെ ഉണങ്ങി വരണ്ട അവസ്ഥയെയും ആഴ്ചകളോളം അതിജീവിക്കാൻ ഈ ബാക്ടീരിയയ്ക്ക് ആവും. പ്രകൃത്യാ അന്യകോശങ്ങൾക്കുള്ളിൽ മാത്രമേ വളരുന്നുള്ളുവെങ്കിലും പരീക്ഷണശാലകളിൽ ടെസ്റ്റ് ട്യൂബിൽ വളർത്തുന്നുണ്ട്.
പകരുന്നവിധം
ശ്വാസകോശ ക്ഷയം ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും സംസാരിക്കുമ്പോഴും ശരീരസ്രവങ്ങളുടെ 0.5 - 5 വലിപ്പമുള്ള രോഗാണു അടങ്ങിയ കണങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ഒറ്റ തുമ്മലിലൂടെ ഇത്തരത്തിലുള്ള 40,000- ത്തോളം കണങ്ങൾ പുറത്തുവരുന്നു. ക്ഷയരോഗാണുവിന് അതിജീവനശേഷി കൂടുതലായതിനാൽ ഇത്തരത്തിലുള്ള ഒരു കണം കൊണ്ടു തന്നെ രോഗം പകരാം. ഒറ്റ ബാക്ടീരിയയ്ക്കു തന്നെ പുതിയതായി ക്ഷയരോഗം ഉണ്ടാക്കാനാകുമെന്ന് മനസിലാക്കിയിട്ടുണ്ട്.
ദീർഘകാലമായോ വളരെ കൂടിയ അളവിലോ സമ്പർക്കമുള്ളവർക്ക് രോഗം വരുന്നതിനുള്ള ഉയർന്ന സാദ്ധ്യതയുണ്ട്. ക്ഷയരോഗമുള്ള ഒരാൾ പ്രതിവർഷം 10 - 15 പേർക്ക് രോഗം പകർത്തുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.