police

കൊച്ചി: കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ഭരതനാണ് സൂര്യാഘാതമേറ്റത്. വാഹന പരിശോധന നടക്കുന്നതിനിടയിൽ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മുക്കത്ത് രണ്ടുപേർക്കും ഊരങ്ങാട്ടേരിയിലും ഇടുക്കി ഹൈറേഞ്ചിലും തിരുവനന്തപുരത്തും തൃശൂരിലും ഒരോരുത്തർക്കുമാണ് സൂര്യാതപമേറ്റത്. ജില്ലകളിലെ സ്ഥിതിഗതികൾ കലക്ടർമാർ വിലയിരുത്തും. ഇടുക്കിയും വയനാടും ഒഴികെയുളള ജില്ലകളിൽ താപനില 35 ഡിഗ്രി മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം എന്നാണ് റിപ്പോർട്ട്. മേഘാവരണം ഇല്ലാത്തതിനാൽ അതികഠിനമായ ചൂട് നേരിട്ട് ഭൂമിയിൽ പതിക്കും. അൾട്രാവയലറ്റ് രശ്മികളുടെ തോത് കൂടിയതിനാൽ സൂര്യാതപവും സൂര്യാഘാതവും ഏൽക്കാനുള്ള സാധ്യത കൂടുതലാണ്.

വിലെ 11 മണി മുതല്‍ വൈകീട് 3 മണിവരെയുള്ള സമയത്ത് വെയിൽ ഏൽക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. നിർജലീകരണം ഉണ്ടാകുമെന്നതിനാൽ ധാരാളം വെള്ളം കുടിക്കണം. പൊള്ളൽ , ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കൽ സഹായം തേടണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. വരൾച്ച , പകർച്ചവ്യാധികൾ എന്നിവയെ നേരിടാൻ കർമ സമിതികളും തയാറായിട്ടുണ്ട്. ജില്ലകളിലെ സ്ഥിതി ഗതികള്‍ കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചുള്ള കൺട്രോൾ റൂമുകൾ നിരീക്ഷിക്കുന്നുണ്ട്.

അതേസമയം,​ കേരളത്തിൽ അതികഠിനമായ ചൂട് ഒരാഴ്ചകൂടി വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നഷകിയിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് ആകെ എട്ട് പേർക്ക് സൂര്യതാപമേറ്റതായാണ് റിപ്പോർട്ടുകൾ.