2019-election

ബിസിനസിൽ കോടീശ്വരന്മാരുടെ മത്സരം സാധാരണം. തിരഞ്ഞെടുപ്പിലും കോടിപതികളുടെ പോരാട്ടം പുതുമയല്ലെങ്കിലും മത്സരിക്കുന്ന മൂന്ന് പ്രധാന സ്ഥാനാർത്ഥികളും കോടീശ്വരന്മാരുന്ന മണ്ഡലം ഒന്നേ കാണൂ- അതാകട്ടെ, വ്യവസായകേന്ദ്രമൊന്നുമല്ലാത്ത കന്യാകുമാരിയും. രാജ്യത്തിന്റെ തെക്കേ മുനമ്പ്. തിരുവനന്തപുരത്തു നിന്ന് വെറും 93 കിലോമീറ്റർ ദൂരം.

വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവും തീർത്ഥാടന കേന്ദ്രവുമൊക്കെയായ കന്യാകുമാരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി, വ്യവസായിയായ എച്ച്. വസന്തകുമാർ ആണ്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണൻ ആണ് ബി.ജെ.പിയുടെ സിറ്റിംഗ് എം.പി. നടൻ കമലഹാന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാനാർത്ഥി ജെ. എബനേസർ. മൂവരും കോടീശ്വരന്മാർ. വോട്ടർമാരിൽ ബഹുഭൂരിപക്ഷവുമാകട്ടെ, വെറും സാധാരണക്കാരും കൃഷിക്കാരും.

കൺസ്യൂമർ ഡ്യൂറബിൾസ് വിപണന ശൃംഖലയായ വസന്ത് ആൻഡ് കമ്പനിയുടെ പ്രൊമോട്ടർ ആയ കോൺഗ്രസ് സ്ഥാനാർത്ഥി വസന്തകുമാർ തമിഴ്നാട്ടിലെ തന്നെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയാണ്. തിരഞ്ഞെടുപ്പു കമ്മിഷന് വസന്തകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരമനുസരിച്ച് സമ്പാദ്യം വെറും 412 കോടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം വരുമാനം 28.93 കോടി. ഭാര്യയുടെ പേരിലുമുണ്ട് അഞ്ചു കോടിയുടെ സമ്പാദ്യം.

കേന്ദ്ര മന്ത്രിയും സിറ്റിംഗ് എം.പിയുമായ പൊൻ രാധാകൃഷ്‌ണൻ വെളിപ്പെടുത്തിയ കണക്കനുസരിച്ച് സമ്പാദ്യം 7.49 കോടി. കഴിഞ്ഞ വർഷത്തെ മാത്രം വരുമാനം 7.72 ലക്ഷം. കന്യാകുമാരിയിലെ കോടീശ്വര സ്ഥാനാർത്ഥികളിൽ താരതമ്യേന കുറവു സമ്പാദ്യം മക്കൾ നീതി മയ്യം സ്ഥാനാർത്ഥി എബനേസറിനാണ്- രണ്ടര കോടിയോളം മാത്രം. പ്രതിവർഷ വരുമാനം അഞ്ചേകാൽ ലക്ഷം.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും നേർക്കുനേർ പോരാട്ടം പൊൻ രാധാകൃഷ്‌ണനും വസന്തകുമാറും തമ്മിലായിരുന്നു. 1,28,662 വോട്ടിനായിരുന്നു പൊൻ രാധാകൃഷ്‌ണന്റെ ജയം. കോൺഗ്രസും എ.ഐ.എ.ഡി.എം.കെയും, ഡി.എം.കെയും തൊട്ടു പിറകേയുള്ള സ്ഥാനങ്ങളിൽ.

ഇനി മറ്റു ചില കോടീശ്വരന്മാരുടെ അക്കൗണ്ട് കണക്കുകൾ കൂടി: കോൺഗ്രസിന്റെ ശിവഗംഗ സ്ഥാനാർത്ഥിയും മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ പുത്രനുമായ കാർത്തി ചിദംബരം ഇലക്‌ഷൻ കമ്മിഷനു മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്ന സമ്പാദ്യം 80 കോടിയാണ്. തേനിയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയും ടി.എൻ.സി.സി അദ്ധ്യക്ഷനുമായ ഇ.വി.കെ.എസ് ഇളങ്കോവന്റെ സമ്പാദ്യം 15.5 കോടി. ഡി.എം,കെ രാജ്യസഭാംഗവും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പുത്രിയും തൂത്തുക്കുടിയിൽ സ്ഥാനാർത്ഥിയുമായ കനിമൊഴിക്ക് 30 കോടിയുടെ സ്വത്തുണ്ട്. ടു ജി സ്‌പെക്‌ട്രം കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട മുൻ ടെലികോം മന്ത്രി എച്ച്. രാജ നീലഗിരിയിൽ നിന്ന് ജനവിധി തേടുന്നു- സമ്പാദ്യം മൂന്നു കോടി. മുൻ കേന്ദ്ര മന്ത്രി ദയാനിധി മാരന്റെ സ്വത്ത് 11.67 കോടി. എ.ഐ.എ.ഡി.എം.കെ നേതാവും ലോക്‌സഭാ മുൻ ഡെപ്യൂട്ടി സ്‌പീക്കറുമായ എം. തമ്പിദുരൈ കരൂരിൽ നിന്നാണ് മത്സരിക്കുന്നത്. ദുരൈ വെളിപ്പെടുത്തിയിരിക്കുന്നത് 10 കോടിയുടെ സ്വത്ത്.

2014-ൽ മത്സരിച്ച

കോടീശ്വരന്മാ‌ർ

1. നന്ദൻ നിലേകനി (കോൺ.): 7710 കോടി

2. നവീൻ ജിൻഡാൽ (കോൺ.): 308 കോടി

3. മോനി കുമാർ സുബ്ബ (സ്വത.): 306 കോടി

4. മാലൂക് നാഗർ (ബി.എസ്.പി): 289 കോടി

5. കമൽനാഥ് (കോൺ.): 206 കോടി

6. എം. ഷാഹിദ് (ബി.എസ്.പി): 198 കോടി

7. പ്രഫുൽ പട്ടേൽ (ബി.എസ്.പി): 195 കോടി

8. ഡെനിസ് സിയാങ്ഷായ് (സ്വത.): 128 കോടി

9. കപിൽ സിബൽ (കോൺ.): 114 കോടി

10. ശ്രുതി ചൗധരി (കോൺ.): 108 കോടി