കൊച്ചി: ചെറു പുഞ്ചിരി തൂകി മതിലിൽ ചാരി നിൽക്കുന്ന സി.പി.എം സ്ഥാനാർത്ഥി പി. രാജീവ്. മേശയിൽ കൈകുത്തിയിരുന്ന് കോൺഗ്രസിലെ ഹൈബി ഈഡൻ. കുർത്തയിൽ നിന്നും കോട്ടിലേക്ക് മാറിയ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം. പോസ്റ്ററെല്ലാം അടിമുടി മാറ്റമാണല്ലോയെന്ന് ചോദിച്ചാൽ പ്രവർത്തകർക്ക് പറയാൻ ഒരേയൊരു ഉത്തരമേയുള്ളൂ... ഇത് എറണാകുളമാണ്, ഇവിടെ ന്യൂജെൻ തന്ത്രങ്ങൾ തന്നെ പയറ്റണം.
യൂത്ത് വോട്ടുകൾ ലക്ഷ്യമിട്ടാണ് മുന്നണികളുടെ പുതിയ പ്രചാരണ തന്ത്രം. മിഴിവുറ്റ പോസ്റ്റർ തന്നെയാണ് ഹൈലൈറ്റെങ്കിലും വജ്രായുധം സോഷ്യൽ മീഡിയയാണ്. സ്വീകരണ യോഗങ്ങൾ, വോട്ടഭ്യർത്ഥന, എന്നുവേണ്ട പ്രചാരണ പരിപാടികളെല്ലാം ലൈവ്. ചുവരെഴുത്തും പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമെല്ലാം പുതിയ രൂപത്തിൽ വോട്ടർമാരിലേക്ക് എത്തുമ്പോൾ മിന്നും ജയമാണ് മൂന്ന് മുന്നണിയും പ്രതീക്ഷിക്കുന്നത്.
മിണ്ടിയും പറഞ്ഞും രാജീവ്
പറവൂർ നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ സിനിമ- സീരിയൽ നടി കുളപ്പുള്ളി ലീലയെയും നടൻ മുരളി മോഹനനേയും പി. രാജീവ് കണ്ടു. പ്രചാരണം പുരോഗമിക്കുന്നതിനിടെ ഇത് ചിത്രം സഹിതം രാജീവ് ഫേസ് ബുക്കിൽ കുറിച്ചു. പിന്നെ, ലൈക്കുകളും കമന്റുകളും. ഇടയ്ക്ക് ഇടയ്ക്ക് ചോദ്യങ്ങൾക്കുള്ള മറുപടി. പിന്നാലെ അടുത്ത് പോസ്റ്റ്. അങ്ങനെ, സോഷ്യൽ മീഡിയയിൽ മിണ്ടിയും പറഞ്ഞുമാണ് രാജീവ് രണ്ടാംഘട്ട പ്രചാരണം കൊഴുപ്പിക്കുന്നത്. എറണാകുളം മണ്ഡലത്തിൽ ആദ്യം പ്രചാരണം ആരംഭിച്ച സ്ഥാനാർത്ഥിയാണ് പി.രാജീവ്. ഇത് നേട്ടമാകുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.
ലൈവാണ് ഹൈബി
യു.ഡി.എഫ് കോട്ട നിലനിറുത്താൻ കളത്തിലിറങ്ങിയ യുവ എം.എൽ.എ ഹൈബി ഈഡനും സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല. രാവിലെ ആരംഭിക്കുന്ന പ്രചാരണം പൂർത്തിയാകുന്നതുവരെ എല്ലാം ലൈവാണ്. ഫേസ്ബുക്കിന് പുറമേ മറ്റ് സമൂഹ മാദ്ധ്യമങ്ങളെയും ഉൾപ്പെടുത്തിയാണ് ഹൈബിയുടെ പ്രചാരണം. സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഹൈബി. ഇടപ്പള്ളിയിൽ നടന്ന ബ്രഹ്മസ്ഥാന മഹോത്സവത്തിൽ എത്തി മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി വിവരം പങ്കുവച്ചത്.
വേഗം കൂട്ടി കണ്ണന്താനം
വൈകിയെത്തിയ അൽഫോൺസ് കണ്ണന്താനം കളം പിടിക്കാനുള്ള തിരക്കിട്ട പ്രചാരണത്തിലാണ്. സോഷ്യൽ മീഡിയയിലെ പ്രചാരണത്തിനും കുറവില്ല. ഫേസ്ബുക്കിലെ ഒഫീഷ്യൽ പേജ് ആക്ടീവാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞാണ് അൽഫോൺസ് കണ്ണന്താനം വോട്ടർമാരെ കാണാനായിഎത്തിയത്. പ്രചാരണകാര്യത്തിൽ ഇരുമുന്നണികൾക്കുമൊപ്പം എത്താനുള്ള വേഗതയിലാണ്. സമൂഹ മദ്ധ്യമങ്ങളിലൂടെ കണ്ണന്താനത്തിന് വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. കണ്ണന്താനത്തിന്റെ പ്രചാരണങ്ങളും യാത്രകളുമെല്ലാം അപ്പപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു.