sabarimala

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനുമായ കെ.പി.പ്രകാശ് ബാബുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രകാശ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനാൽ ജാമ്യമെടുക്കുന്നതിന്റെ ഭാഗമായി കോടതിയിൽ കീഴടങ്ങിയ പ്രകാശ് ബാബുവിനെ റിമാൻഡ് ചെയ്യുകയായിരുന്നു. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എട്ടോളം കേസുകളിൽ പ്രതിയാണ് പ്രകാശ് ബാബു.ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകേണ്ട സ്ഥാനാർത്ഥി ജയിലിൽ ആയതോടെ പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനാണ് ബി.ജെ.പിയുടെ നീക്കം.ഏത് സാഹചര്യത്തിലാണ് പ്രകാശ് ബാബു ജയിലിലായതെന്ന് വോട്ടർമാരോട് വിശദീകരിക്കാനാണ് ബി.ജെ.പിയുടെ നീക്കം.