ബീജിംഗ്: പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ പുതിയ പ്രമേയത്തിനെതിരെയും ചൈന രംഗത്തെത്തി.
ഫ്രാൻസിന്റെയും ബ്രിട്ടന്റെയും പിന്തുണയുള്ള പ്രമേയത്തിന്റെ കരട് അമേരിക്ക ബുധനാഴ്‌ചയാണ് ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ അംഗങ്ങൾക്ക് വിതരണം ചെയ്‌തത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന രക്ഷാസമിതിയിലെ ഒരു ഡസനിലേറെ അംഗങ്ങളുടെ സംയുക്ത നിർദ്ദേശം ഈ മാസം 13ന് ചൈന സാങ്കേതികമായി വീറ്റോ ചെയ്‌തിരുന്നു. മസൂദിനെ രക്ഷിക്കാനുള്ള ചൈനയുടെ മൂന്നാമത്തെ വീറ്റോ ആയിരുന്നു അത്. അന്ന് ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയെ വിമർശിച്ചിരുന്നു. ചൈനയുടെ നിലപാട് മറികടക്കാൻ മറ്റെന്തെങ്കിലും മാർങ്ങൾ വേണ്ടിവരുമെന്ന് അന്ന് അമേരിക്ക പ്രതികരിച്ചിരുന്നു. ആ ബദൽ മാർഗ്ഗമെന്ന നിലയിലാണ് അമേരിക്ക പുതിയ പ്രമേയം കൊണ്ടു വരുന്നത്.
യു. എൻ ഭീകര വിരുദ്ധ കമ്മിറ്റിയെ മറികടന്ന് അമേരിക്ക നേരിട്ട് രക്ഷാസമിതിയിൽ പ്രമേയം ഫയൽ ചെയ്‌തിരിക്കയാണെന്നും ഇത് യു.എൻ ഭീകരവിരുദ്ധ സമിതിയുടെ അധികാരം അട്ടിമറിക്കുമെന്നും ചൈനീസ് വിദേശകാര്യവക്താവ് ഗെൻ ഷുവാംഗ് പറഞ്ഞു. യു.എസ് നീക്കം മസൂദ് പ്രശ്നം സങ്കീർണമാക്കാൻ മാത്രമേ ഉപകരിക്കൂ. അതിനാൽ അമേരിക്ക സൂക്ഷിച്ച് വേണം പ്രമേയവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പുതിയ പ്രമേയവും വീറ്റോ ഉപയോഗിച്ച് ചൈന തടയുമെന്ന് ഏകദേശം ഉറപ്പായി. ചൈന ഒഴികെ രക്ഷാസമിതിയിലെ മറ്റ് നാല് സ്ഥിരാംഗങ്ങളും മസൂദിനെതിരായ പ്രമേയത്തിന് അനുകൂലമാണെന്നാണ് 15അംഗസമിതിയിൽ മസൂദിന് അനുകൂലമായി നിൽക്കുന്നതും ചൈന മാത്രമാണ്.
നേരിട്ട് ആദ്യം
മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും രക്ഷാസമിതിയിൽ നേരിട്ട് പ്രമേയം കൊണ്ടു വരുന്നത് ആദ്യമാണെന്ന് യു. എൻ വൃത്തങ്ങൾ പറഞ്ഞു. മുൻപ് മൂന്ന് തവണയും രക്ഷാസമിതിയുടെ ഭീകര വിരുദ്ധ ഉപരോധ സമിതിയിൽ ഇതിനുള്ള നിർദ്ദേശം അവതരിപ്പിക്കുകയായിരുന്നു. അതിന് എതിർപ്പ് അറിയിക്കാൻ പത്ത് ദിവസത്തെ സമയം ഉണ്ടായിരുന്നു.കഴിഞ്ഞ തവണ ആ സമയപരിധി അവസാനിക്കുന്നതിന് തൊട്ടു മുൻപാണ് ചൈന എതിർപ്പ് അറിയിച്ചത്. അതോടെയാണ് ആ നീക്കം വിഫലമായത്.
രക്ഷാസമിതിയിൽ നേരിട്ട് അവതരിപ്പിക്കുന്ന പ്രമേയത്തിന് എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥ ബാധകമല്ല. പ്രമേയം അനൗപചാരികമായ ചർച്ച ചെയ്‌ത ശേഷം രക്ഷാസമിതി വോട്ടിന് ഇടുകയാണ് പതിവ്. അപ്പോൾ ചൈനയ്‌ക്ക് വീണ്ടും വീറ്റോ പ്രയോഗിക്കാം.
അതേസമയം, മുസ്ലീങ്ങളോട് ലജ്ജാകരമായ നടപടികളാണ് ചൈന സ്വീകരിക്കുന്നതെന്നും 10 ലക്ഷത്തോളം മുസ്ലീങ്ങളെ അവിടെ ജയിലിലടച്ചിരിക്കുകയാണെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു. അങ്ങനെയുള്ള ഒരു രാജ്യം മസൂദിനെപ്പോലെയൊരു ഭീകരനെ എന്തിന് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.