തിരുവനന്തപുരം: കേരളത്തിൽ കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ശബരിമലയിൽ യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത് സജീവ ബി.ജെ.പി പ്രവർത്തകയാണെന്ന് ആരോപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ്മി ശാസ്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നടത്തിയത്. ഇതിൽ പ്രമുഖയായിരുന്ന പ്രേരണാകുമാരി ബി.ജെ.പി ലീഗൽ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബി.ജെ.പി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണെന്നാണ് മന്ത്രിയുടെ ആരോപണം. ഇവരുടെ ഭർത്താവ് സിദ്ധാർത്ഥ് ശംഭു ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബി.ജെ.പിയുടെ സജീവപ്രവർത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണമെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നിങ്ങളോർക്കുന്നില്ലേ പേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയിൽ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നൽകിയ അഞ്ച് യുവതികളിൽ പ്രമുഖയായിരുന്നു പേരണാകുമാരി. പേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ്മി ശാസ്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നടത്തിയത്. ഇവർക്കുള്ള സംഘപരിവാര – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോൾ അവർക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാൻ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകൻ വഴി വക്കീൽ നോട്ടീസ് അയച്ച പേരണാകുമാരി കേസ് കൊടുക്കാൻ തയ്യാറായില്ല. അന്ന് മുങ്ങിയ പേരണാകുമാരി ഇപ്പോൾ ചൗക്കീദാർ പേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പേരണാകുമാരി ബിജെപി ലീഗൽ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയിൽ പെട്ട പേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നൽകിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോൾ പകൽ പോലെ വ്യക്തമാണ്.
പേരണാകുമാരിയുടെ ഭർത്താവ് സിദ്ധാർത്ഥ് ശംഭു ബിജെപി അധ്യക്ഷൻ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവർത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വർഷം കേസ് നടത്തിച്ചതും ചൗക്കീദാർ പേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാൻ ആർഎസ്എസ് നീക്കം നടത്തിയപ്പോൾ ഞങ്ങൾ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാൻ കൂട്ടാക്കാത്തവർക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോൾ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകൾ.
ആർഎസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കിൽ നിങ്ങളെന്തിനാണ് അത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവർക്കായി മുൻകൂർ മറുപടി നൽകാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബ!*!ഞ്ചിന്റെ വിധിയാണ് സർക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാൽ അതും സർക്കാർ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകൾ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം.
'കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ....'
കടകംപളളി സുരേന്ദ്രൻ