കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ കാത്തലിക് സിറിയൻ ബാങ്ക് പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നു. കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള കരാറിൽ ഇന്ത്യൻ വംശജനായ പ്രമുഖ കനേഡിയൻ വ്യവസായി പ്രേം വത്സയുടെ നയിക്കുന്ന ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ ഇന്ത്യാ വിഭാഗമായ ഫെയർഫാക്സ് ഇന്ത്യ ഹോൾഡിംഗ്സ് കോർപ്പറേഷൻ ഒപ്പുവച്ചിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ ബാങ്കിന്റെ മേജർ ഓഹരികൾ ഏറ്റെടുക്കാൻ വിദേശ സ്ഥാപനത്തെ റിസർവ് ബാങ്ക് അനുവദിച്ചത്.
കാത്തലിക് സിറിയൻ ബാങ്കിന്റെ അടുത്ത രണ്ടോ മൂന്നോ വർഷത്തേക്കുള്ള വികസന പ്രവർത്തനങ്ങൾക്ക് ഫെയർഫാക്സിന്റെ നിക്ഷേപം മതിയാകും. എന്നാൽ, ഈ വർഷം സെപ്തംബർ 30നകം ബാങ്ക് ഓഹരി വിപണിയിൽ ലിസ്റ്ര് ചെയ്യണമെന്ന റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരമാണ് ഐ.പി.ഒയ്ക്കുള്ള നീക്കം. 400 കോടിയോളം രൂപ സമാഹരിക്കാൻ ഐ.പി.ഒയിലൂടെ കഴിഞ്ഞേക്കും. ഐ.പി.ഒയുടെ മേൽനോട്ടത്തിനായി ആക്സിസ് കാപ്പിറ്റൽ ലിമിറ്റഡിനെ ബാങ്ക് നിയോഗിച്ചിട്ടുണ്ട്.
കാത്തലിക് സിറിയൻ ബാങ്ക് മൂലധന പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്, റിസർവ് ബാങ്കിന്റെ നിർദേശാനുസരണം നിക്ഷേപത്തിന് ഫെയർഫാക്സ് തയ്യാറായത്. സ്വർണ വായ്പ, റീട്ടെയിൽ വായ്പ, ചെറുകിട-ഇടത്തരം സംരംഭക വായ്പ എന്നിവയുടെ വിതരണത്തിലൂടെ ലാഭത്തിന്റെ ട്രാക്കിലേറാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കാത്തലിക് സിറിയൻ ബാങ്ക്.