pc-george

തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കളുമായുണ്ടാക്കിയ ധാരണ പൊളിഞ്ഞതോടെ ബി.ജെ.പി നേത‌ൃത്വത്തിലുള്ള എൻ.ഡി.എയിൽ ചേരുമെന്ന് ജനപക്ഷം നേതാവ് പി.സി. ജോ‌ർജ് എം.എൽ.എ. ഇതു സംബന്ധിച്ച ഒൗദ്യോഗിക തിരുമാനം രണ്ട് ദിവസത്തിനുള്ളിലുണ്ടാവും. എൻ.ഡി.എയിൽ ചേരുന്ന തീരുമാനം ഒരു വർഷം മുമ്പേ എടുക്കേണ്ടതായിരുന്നുവെന്നാണ് പാർട്ടി ജില്ലാ പ്രസിഡന്റുമാർ അഭിപ്രായപ്പെട്ടത്. ജനപക്ഷത്തിന്റെ വരവോടെ പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ വിജയം സുനിശ്ചിതമായെന്ന് പി.സി. ജോർജ് 'ഫ്ളാഷി'നോട് പറഞ്ഞു.

യു.ഡി.എഫ് വഞ്ചിച്ചു

യു.ഡി.എഫ് നേതാക്കൾ തങ്ങളെ വഞ്ചിക്കുകയായിരുന്നു. മുന്നണിയിലെടുക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തും നെടുമ്പാശേരിയിലും മറ്രും ചർച്ചയ്ക്ക് വിളിച്ചു. ഒടുവിൽ തങ്ങളെ അപമാനിക്കുകയായിരുന്നു.

ദേഷ്യം ഉമ്മൻചാണ്ടിയോട്

ഉമ്മൻചാണ്ടി ഒരു വർഗീയ വാദിയാണ്. യു.ഡി.എഫിൽ വരുന്നതിനെ എതിർത്തത് അദ്ദേഹമാണ്. കത്തോലിക്കരെ അദ്ദേഹത്തിന് ഇഷ്ടമല്ല. എനിക്ക് മതം മാറാൻ പറ്രുമോ. ഞാൻ ജാതിക്കും മതത്തിനും അപ്പുറത്ത് മനുഷ്യനെ സ്നേഹിക്കുന്നവനാണ്. അതിനൊക്കെ അതീതനായി ചിന്തിക്കുന്നവനാണ്.

പിണറായിയുമായി യോജിക്കാനാവില്ല

ശബരിമലയിൽ യുവതികളെ കൊണ്ടുപോവുകയും അതിനെ എതിർത്ത അയ്യപ്പഭക്തരെ തല്ലിച്ചതയ്ക്കുകയും ചെയ്ത പിണറായിയുമായി നമുക്ക് യോജിക്കാൻ കഴിയില്ല. പിന്നെ ഒറ്രയ്ക്ക് മത്സരിക്കണം. അടുത്ത പോംവഴി ബി.ജെ.പിയുടെ ഘടകകക്ഷിയാവുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേരള നേതാക്കളുമായി സംസാരിച്ചിട്ടില്ല. എന്നാൽ കേന്ദ്ര നേതാക്കളെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ പിന്തുണയിൽ അവർക്ക് കോട്ടയത്തും പത്തനംതിട്ടയിലും ജയിക്കാം. കാമരാജ് പാർട്ടി കൂടി പിന്തുണച്ചാൽ തിരുവനന്തപുരത്ത് കുമ്മനവും ജയിക്കും. ബി.ജെ.പിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

വോട്ട് നഷ്ടപ്പെടില്ല

ജനപക്ഷത്തിന്റെ 14 ജില്ലാ പ്രസിഡന്റുമാരിൽ അഞ്ചുപേരും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണ്. അവർക്കാണ് ബി.ജെ.പിയുടെ സഖ്യകക്ഷിയാകാൻ കൂടുതൽ താല്പര്യം. ബി.ജെ.പിയുടെ കൂടെ ചേർന്നാൽ തങ്ങളുടെ മുസ്ലിം വോട്ട് നഷ്ടപ്പെടില്ല. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും നിന്നായി 75,000 വോട്ടിലധികം ബി.ജെ.പി സ്ഥാനാർത്ഥിക്ക് കിട്ടും. പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളിലും ഞങ്ങൾക്ക് നല്ല സംഘടനാ സംവിധാനമുണ്ട്.