election-2019

നാലേ നാല് ലോക്‌സഭാ മണ്ഡലങ്ങളേയുള്ളൂ ഹിമാചൽ പ്രദേശിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാലിടത്തും വിജയിച്ചത് ബി.ജെ.പി. ഇത്തവണയും ആ സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി ജയ്റാം ഥാക്കൂർ ഉറപ്പു പറയുന്നത്. സ്വന്തം മണ്ഡലമായ മാണ്ഡിയിൽ നിന്നുള്ള മുതിർന്ന നേതാവ് പണ്ഡിറ്റ് സുഖ്റാം ഉൾപ്പെടെ ചില മുതിർന്ന നേതാക്കൾ അടുത്തിടെ കോൺഗ്രസിലേക്കു ചേക്കേറിയതാണ് ജയ്റാം ഥാക്കൂർ സംസ്ഥാനത്തു നേരിടുന്ന പ്രധാന വെല്ലുവിളി.

എങ്കിലും സുഖ്റാം പാർട്ടി വിട്ടത് അത്ര കാര്യമാക്കാനില്ലെന്നാണ് ഥാക്കൂറിന്റെ വിലയിരുത്തൽ. മുമ്പ് വലിയ നേതാവായിരുന്നെങ്കിലും, ഇപ്പോൾ അദ്ദേഹത്തിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനമില്ലെന്ന് ഥാക്കൂർ പറയുന്നു. പാർട്ടിയുടെ മുൻ എം.പി സുരേഷ് ചന്ദേലും കോൺഗ്രസിലേക്കു പോകാൻ തക്കം പാർത്തിരിക്കുന്നതായി ശ്രുതിയുണ്ട്. അതിന് ഥാക്കൂറിന്റെ കമന്റ് ഇങ്ങനെ: ചന്ദേലയ്‌ക്ക് കോൺഗ്രസ് സ്ഥാനാ‌ർത്ഥി കൊടുക്കുന്നത് അവരുടെ പ്രവർത്തകരെ വഞ്ചിക്കലാകും. മുമ്പ് സാമ്പത്തിക കേസിൽ അകപ്പെട്ടിരുന്ന ചന്ദേലിന്റെ ഭൂതകാലം വോട്ടർമാർ മറന്നിട്ടുമുണ്ടാകില്ല.

സംസ്ഥാനത്തുടനീളം 236 റാലികൾ സംഘടിപ്പിച്ച് അണികളെ ഇളക്കിമറിക്കാനാണ് ഥാക്കൂറിന്റെ പ്ളാൻ. നാല് മഹാറാളികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും, പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും ഉൾപ്പെടെ പ്രധാന നേതാക്കൾ പ്രസംഗിക്കും. മാണ്ഡി, കാംഗ്ര, ഹാമിർപൂർ. സിംല എന്നിവയാണ് ഹിമാചലിലെ ലോക്‌സഭാ മണ്ഡലങ്ങൾ. 2004-ൽ മൂന്നു സീറ്റുണ്ടായിരുന്ന കോൺഗ്രസ് 2009-ൽ ഒരു സീറ്റിലേക്ക് ചുരുങ്ങുകയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 68 മണ്ഡലങ്ങളിൽ 36-ലും വിജയിച്ച കോൺഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവയിൽ എട്ടിടത്തേ മേൽക്കൈ നേടാനായുള്ളൂ. 60 നിമയസഭാ മണ്ഡലങ്ങളിൽ ബി.ജെ.പിക്കായിരുന്നു മുൻതൂക്കം.

ആകാശംതൊടും

താഷിഗഞ്ജ്

ലോകത്ത് ഏറ്റവും ഉയരത്തിലുള്ള പോളിംഗ് സ്റ്റേഷൻ ഹിമാചലിലെ താഷിഗഞ്ജിലാണ്. സമുദ്രനിരപ്പിൽ നിന്ന് 15,256 അടി ഉയരത്തിൽ. നേരത്തേ, ഹിമാചലിലെ തന്നെ ഹിക്കിം പോളിംഗ് സ്റ്റേഷനായിരുന്നു ഈ പദവി. ഇക്കുറി ഹിക്കിമിനേക്കാൾ 690 അടി ഉയരത്തിൽ താഷിഗഞ്ജിൽ പുതിയ പോളിംഗ് സ്റ്രേഷൻ നിശ്ചയിച്ചതോടെ ഉയരക്കാരൻ താഷിഗഞ്ജ് ആയി. മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലാണ് താഷിഗഞ്ജ്. ഇന്തോ- ചൈന അതിർത്തിയോടു ചേർന്നുകിടക്കുന്ന താഷിഗഞ്ജ് ഗ്രാമത്തിൽ ആകെ ആറു വീടുകളേയുള്ളൂ. 20 സ്ത്രീകൾ ഉൾപ്പെടെ 49 സ്ഥാനാർത്ഥികൾ. എഴുപത്തിയെട്ടുകാരനായ റിജിൻ മുത്തച്ഛൻ ആണ് പ്രായം കൂടിയ വോട്ടർ. താഷിഗഞ്ജിലേതിനേക്കാൾ കുറവ് വോട്ടർമാരുള്ള ഒരു പോളിംഗ് ബൂത്തുണ്ട്, ഹിമാചലിൽ. കിന്നൗർ ജില്ലയിലെ കാ. ആകെ വോട്ടർമാർ ആറു പേർ!