tej-

പാറ്റ്ന: ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിൽനിന്ന് രാജിവച്ചു. വിദ്യാർത്ഥിസംഘടനയുടെ അദ്ധ്യക്ഷനായിരുന്നു തേജ്പ്രതാപ്. ട്വിറ്ററിലൂടെയാണ് തേജ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.

താൻ അറിവില്ലാത്തവനാണെന്ന് കരുതിയവർക്ക് തെറ്റ് പറ്റി. അങ്ങനെ ചിന്തിച്ചവർക്കാണ് അറിവില്ലാത്തത്. ആരൊക്കെ എന്താണെന്നും എങ്ങനെയാണെന്നും തനിക്ക് അറിയാമെന്നായിരുന്നു തേജ് ട്വിറ്ററിൽ കുറിച്ചത്. കാലിത്തീറ്റ കുംഭകോണക്കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് ജയിലിലായതിനുശേഷം ഇളയമകൻ തേജസ്വി യാദവാണ് പാർട്ടിയുടെ നേതൃസ്ഥാനത്തുള്ളത്. ലാലുപ്രസാദിന്റെ ഇരുമക്കളും തമ്മിലുള്ള ശത്രുതയും പാർട്ടിയ്ക്കുള്ളിലെ അസ്വാരസ്യങ്ങളും മറനീക്കി പുറത്തുവരുന്നതായി തേജ് പ്രതാപിന്റെ രാജി. 2015 ൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജനതാദൾയു-ആർ.ജെ.ഡി സഖ്യം ബിഹാറിൽ അധികാരത്തിലെത്തിയപ്പോൾ തേജസ്വി യാദവായിരുന്നു ഉപമുഖ്യമന്ത്രി. തേജ്പ്രതാപിന് ആരോഗ്യമന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ തേജ്പ്രതാപ് രാജിവച്ചത്, തന്റെ അടുപ്പക്കാർക്ക് സീറ്റ് നൽകാനുള്ള സമ്മർദ്ദ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് വീടുമായി അകന്നുകഴിയുന്ന തേജ് പ്രതാപ്, വിവാഹമോചിതനാകാനുള്ള തീരുമാനം അംഗീകരിക്കുംവരെ തിരികെയില്ലെന്ന് പറ‌ഞ്ഞ് വീട് വിടുകയും ചെയ്തിരുന്നു.