യു.എൻ.: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പിന്തുണച്ച് ചൈന വീണ്ടും രംഗത്ത്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ യു.എൻ. രക്ഷാസമിതിയിൽ പുതിയ പ്രമേയം കൊണ്ടുവരാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെയാണ് ചൈനയുടെ പ്രതികരണം. പ്രമേയം കൊണ്ടുവരാനുള്ള ശ്രമം രക്ഷാസമിതിയുടെ അധികാരത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും അമേരിക്ക ജാഗ്രത പാലിക്കണമെന്നും ചൈന വ്യക്തമാക്കി.
പ്രമേയം കൊണ്ടുവരാനുള്ള ശ്രമം വിഷയം വഷളാക്കാൻ മാത്രമേ സഹായിക്കൂ. ഇത് സമിതിയുടെ അധികാരത്തെ അട്ടിമറിക്കുമെന്നും മറ്റുരാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യത്തെ അത് ഇല്ലാതാക്കുമെന്നും ചൈന അറിയിച്ചു. ഇത്തരം കാര്യങ്ങളിൽ അമേരിക്ക കരുതലോടെ പ്രവർത്തിക്കണമെന്നും പ്രമേയം പിൻവലിക്കണമെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഗൻ ഷുവാങ് ആവശ്യപ്പെട്ടു.
മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള അമേരിക്കയുടെ പുതിയ പ്രമേയവുമായി ബന്ധപ്പെട്ടാണ് ചൈനയുടെ പ്രതികരണം. അതേ സമയം മുസ്ലീം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന നടത്തുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചു. സ്വന്തം രാജ്യത്ത് ചൈന മുസ്ലീങ്ങളെ അടിച്ചമർത്തുമ്പോൾ മറുഭാഗത്ത് മുസ്ലീം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് മൈക് പോംപിയോ ആരോപിച്ചു. 15 അംഗ രക്ഷാസമിതിയിലേക്ക് ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്ക പ്രമേയം കൊണ്ടുവരുന്നത്