കൊല്ലം: വ്യക്തിതാത്പര്യങ്ങളും പാർലമെന്ററി വ്യാമോഹങ്ങളും തനിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊല്ലം എസ്.എൻ കോളേജിന്റെ 'സഹപാഠിക്കൊരു വീട്" പദ്ധതിയുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

''ഉള്ളത് തുറന്നു പറയും, ഒത്തുപറയില്ല. പാവങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയുമ്പോൾ ചില‌ർ ജാതിഭ്രാന്തനെന്ന് വിളിക്കും. പക്ഷേ, ജനങ്ങൾ ശക്തമായ പിന്തുണ നൽകുന്നു. അതുകൊണ്ടാണ് യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നത്. ഗുരുദേവ ദർശനങ്ങൾ ചിലർ പ്ലാറ്റ്ഫോം പ്രസംഗത്തിന് മാത്രം ഉപയോഗിക്കുകയാണ്. ഗുരുദർശനങ്ങളെ പ്രയോഗത്തിൽ കൊണ്ടുവരികയാണ് എന്റെ രീതി. ദരിദ്രരായ ജനവിഭാഗങ്ങളെ സഹായിക്കാനാണ് യോഗം മൈക്രോഫിനാൻസ് ആരംഭിച്ചത്. കയറിക്കിടക്കാൻ ഇടമില്ലാത്തവർക്ക് വേണ്ടിയാണ് സ്നേഹഭവനം പദ്ധതി തുടങ്ങിയത്.'' ഈ പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം നൂറു കണക്കിന് പേർക്ക് വീട് നിർമ്മിച്ച് നൽകിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോളേജിൽ പുതുതായി ആരംഭിച്ച മാത്‌സ് ലാബ്, മാനവിക വിഷയങ്ങളുടെ ഗവേഷണ കേന്ദ്രം എന്നിവയും ആർ. ശങ്കർ മെമ്മോറിയൽ ഇന്റർ കൊളീജിയറ്റ് ഹോക്കി ടൂർണമെന്റും വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ അനുഗ്രഹ പ്രഭാഷണം നടത്തി. നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫീസർ ഡോ. കെ. സാബുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കറിനെ എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ പി.ജി. സജിത് ബാബു ആദരിച്ചു. കേരള സർവകലാശാല എൻ.എസ്.എസ് കോ- ഓർഡിനേറ്റർ ഉപഹാരം നൽകി.