ന്യൂഡൽഹി: ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്നൻ സിൻഹ കോൺഗ്രസിലേക്ക്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിൻഹ ഇക്കാര്യം വ്യക്തമാക്കിയത്. രാഹുലിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. ദീർഘനാളായി മോദിയുടെയും അമിത് ഷായുടെയും വിമർശകനായി പാർട്ടിയ്ക്കുള്ളിൽ തുടർന്ന സിൻഹ പ്രതിപക്ഷ കൂട്ടായ്മകളിലും സജീവമായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ മഹാറാലിയിൽ സിൻഹ പങ്കെടുത്തിരുന്നു.
രാഹുൽ ഗാന്ധി വളരെ പ്രോത്സാഹനം തരുന്ന പോസിറ്റീവായ ആളാണ്. അന്തസുയർത്തിപ്പിടിച്ച് ഞാൻ ബി.ജെ.പിയ്ക്കുള്ളിൽ നടത്തിയ വിമർശനങ്ങളെ അദ്ദേഹം പ്രശംസിച്ചു. അദ്ദേഹം എന്നേക്കാൾ ചെറുപ്പമാണ്. പക്ഷേ, ഇന്ന് ഇന്ത്യയിൽ ഏറ്റവും സ്വീകാര്യനായ നേതാവുകൂടിയാണ്. നെഹ്റു-ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുകയാണ്. രാജ്യത്തെ കെട്ടിപ്പടുത്തവരായാണ് ഞാനവരെ കാണുന്നത്. കൂടിക്കാഴ്ചയ്ക്കുശേഷം സിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സിൻഹയുടെ സിറ്റിംഗ് സീറ്റായ ബീഹാറിലെ പട്നാസാഹിബിൽ ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്. അതോടെ അതേമണ്ഡലത്തിൽ കോൺഗ്രസിനുവേണ്ടി സിൻഹ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.