തിരുവനന്തപുരം: കനേഡിയൻ മൾട്ടിനാഷണൽ കമ്പനിയായ ഒമേഴ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടെറാനെറ്ര് ടെക്‌നോളജീസിന്റെ സോഫ്‌റ്ര്‌വെയർ വികസന കേന്ദ്രമായ ടെറാസെർവ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തനം തുടങ്ങി. കനേഡിയൻ കോൺസൽ ജനറൽ നിക്കോൾ ജിറാൾഡ് ഉദ്ഘാടനം ചെയ്‌തു. കാനഡയ്ക്ക് പുറത്ത് ടെറാനെറ്രിന്റെ ആദ്യ സോഫ്‌റ്ര്‌വെയർ വികസന കേന്ദ്രമാണിത്.
ടെറാനെറ്റ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ എൽജിൻ ഫെയർവൽ അദ്ധ്യക്ഷത വഹിച്ചു. കനേഡിയൻ ട്രേഡ് സെക്രട്ടറി എറിക് റോബിൻസൺ, രാഷ്ട്രീയ-സാമ്പത്തികകാര്യ ഉപദേഷ്‌ടാവ് ജേക് തോമസ്, ചീഫ് ഇൻഫർമേഷൻ ഓഫീസർ ഫരീബ റവാനി, വൈസ് പ്രസിഡന്റുമാരായ ജോൺ ഹെറാൾഡ്, ടെനിയോ ഇവാൻജലിസ്‌റ്റ, ടെക്‌നോപാർക്ക് സി.ഇ.ഒ ഋഷികേശ് നായർ തുടങ്ങിയവർ സംബന്ധിച്ചു.
ടെക്നോപാർക്കിലെ പമ്പാ കെട്ടിട സമുച്ചയത്തിൽ 10,000 ചതുരശ്ര അടിയിലാണ് ടെറാസെർവിന്റെ ഓഫീസ്, 45 ജീവനക്കാരുണ്ട്. വൈകാതെ ജീവനക്കാരുടെ എണ്ണം 150ലേക്ക് ഉയർത്തും.
എൻജിനീയറിംഗ് മേഖലയിലെ വിദഗ്ദ്ധരുടെ സാന്നിദ്ധ്യമാണ് തിരുവനന്തപുരത്ത് ഓഫീസ് തുടങ്ങാനുള്ള പ്രചോദനമെന്ന് എൻജിൻ ഫെയർവെൽ പറഞ്ഞു. ടെക്നോപാർക്കുമായും കേരളത്തിലെ സാമൂഹിക, സാമ്പത്തിക മേഖലയുമായും ദീർഘകാല ബന്ധമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്ളോക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയിൽ കേരളത്തിന്റെ വളർച്ച ടെറാനെറ്റിന്റെ വരവോടെ ഊർജ്ജിതമാകുമെന്നും ഈ മേഖലയിലുള്ള വിദഗ്ദ്ധരുടെ സേവനം കേരളത്തിൽ തന്നെ പ്രാവർത്തികമാകുമെന്നും ഋഷികേശ് നായർ പറഞ്ഞു.