മാനന്തവാടി: കടബാദ്ധ്യതയെ തുടർന്ന് വയനാട് ജില്ലയിൽ ഒരു കർഷകൻകൂടി ജീവനൊടുക്കി. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാർ (55) ആണ് എട്ട് ലക്ഷം രൂപയുടെ ബാദ്ധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശ്ശിലേരി സഹകരണ ബാങ്കിലും സ്വകാര്യ പണമിടപാടുകാർക്കുമായി നാല് ലക്ഷം രൂപ വീതം കടബാദ്ധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു. മുമ്പ് കാട്ടിക്കുളം തെറ്റ് റോഡിൽ വനത്തിനുള്ളിലായിരുന്നു കൃഷ്ണകുമാറിന്റെ കുടുംബം താമസിച്ചിരുന്നത്. കാട്ടാനശല്യം രൂക്ഷമായ ഇവിടെ നിന്ന് 10 വർഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് മാറിയത്. ഇവിടെ രണ്ടര ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത് താമസിച്ച് പുതിയ വീടും നിർമ്മിച്ചു. ഇതിനെല്ലാമായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടയ്ക്കാനായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാർ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സഹോദരൻ സുന്ദരൻ പറഞ്ഞു. ഭാര്യ: രത്നമ്മ. മക്കൾ: സത്യനാഥൻ, സുരേന്ദ്രൻ, പല്പു, മഞ്ജു. മരുമക്കൾ: കണ്ണയ്യൻ, സോമണ്ണൻ, പവിത്ര, ആശ.