കൊച്ചി: അഡ്വർടൈസിംഗ് രംഗത്തെ പ്രശസ്‌തമായ പെപ്പർ അവാർഡിലേക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഇപ്പോൾ എൻട്രികൾ അയയ്‌ക്കാം. ഏജൻസി ഒഫ് ദ ഇയർ, അഡ്വർടൈസർ ഒഫ് ദ ഇയർ എന്നിവയ്ക്ക് പുറമേ 18 വിഭാഗങ്ങളിലായാണ് അവാർഡ്. കേരളത്തിലെ പരസ്യ ഏജൻസികൾക്കായി ജുവലറി, റിയൽ എസ്‌റ്രേറ്ര്, ടെക്‌സ്‌റ്റൈൽ, ഹോസ്‌പിറ്റാലിറ്രി, ആയുർവേദ, മീഡിയ മേഖലകളിലെ പരസ്യങ്ങൾക്ക് പ്രത്യേക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.

ബാംഗ് ഇൻ ദ മിഡിൽ സഹസ്ഥാപകനും സി.ഒ.ഒയുമായ പ്രതാപ് സുതൻ, മാഡിസൺ ബി.എം.ബി സി.ഇ.ഒയും സി.ഒ.ഒയുമായ രാജ് നായർ, ഹൈപ്പർ കളക്ടീവ് സ്ഥാപകനും സി.ഒ.ഒയുമായ കെ.വി. ശ്രീധർ, ഒഗിൽവി മുംബയ് ഗ്രൂപ്പ് ക്രിയേറ്റിവ് ഡയറക്‌ടർ ബർസിൻ മേത്ത എന്നിവരാണ് ജൂറി അംഗങ്ങളെന്ന് പെപ്പർ ട്രസ്‌റ്റ് ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന എൻട്രികൾ ഉയർന്ന നിലവാരം പുലർത്തുന്നതാണെന്ന് ജൂറി ചെയർമാൻ പ്രതാപ് സുതൻ പറഞ്ഞു. മേയിൽ നടക്കുന്ന അവാർഡ് ദാനച്ചടങ്ങളിൽ രാജ്യാന്തര അഡ്വർടൈസിംഗ് രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കുമെന്ന് പെപ്പർ അവാർഡ്‌സ് ചെയർമാൻ പി.കെ. നടേഷ് പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ച് മീഡിയ, ഫിലിം മേക്കിംഗ്, ഓൺലൈൻ മെസേജിംഗ് തുടങ്ങിയ വിഷയങ്ങളിൽ അഡ്വർടൈസിംഗ് പ്രൊഫഷണലുകൾക്കും മാദ്ധ്യമ വിദ്യാർഥികൾക്കുമായി പ്രത്യേക സെഷനുകൾ സംഘടിപ്പിക്കും. എൻട്രികൾ അയയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 16. വിലാസം: പെപ്പർ ക്രിയേറ്റിവ് അവാർഡ്‌സ് ട്രസ്‌റ്റ്, ഫസ്‌റ്റ് ഫ്ളോർ, ഡ്രീംസ്, സുരഭി ലെയിൻ, കെ.പി. വള്ളോൻ റോഡ്, കടവന്ത്ര, കൊച്ചി-682020. വിവരങ്ങൾക്ക്: www.pepperawards.com ഫോൺ: 98460 50589, 98956 60000