കൊല്ലം: തട്ടിക്കൊണ്ടു പോയതല്ലെന്നും ഒരുമിച്ച് ജീവിക്കാൻ നാടുവിട്ടതാണെന്നും ഓച്ചിറയിലെ നാടോടി പെൺകുട്ടിയുടെ മൊഴി. മുംബയിൽ നിന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ചൈൽഡ് വെൽഫയർ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയിലെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ മൊഴിയെടുപ്പിലാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഓച്ചിറ കന്നിട്ട പ്രേം നിവാസിൽ മുഹമ്മദ് റോഷനുമായി (19) താൻ പ്രണയത്തിലാണെന്നും പെൺകുട്ടി പറഞ്ഞതായാണ് സൂചന. മുംബയിൽ നിന്നുള്ള യാത്രയുടെ ക്ഷീണം ഉള്ളതിനാൽ വിശദമായ മൊഴിയെടുക്കാനായില്ല. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം വനിതാ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മൊഴി രേഖപ്പെടുത്തിയ ശേഷം മുഹമ്മദ് റോഷനെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദേശീയപാതയോരത്ത് മൺ പ്രതിമകൾ നിർമ്മിച്ചു വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ മൂത്തമകളെ ഈമാസം 18 ന് രാത്രി പത്തരയോടെയാണ് മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വാടക വീട്ടിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയത്. എതിർക്കാൻ ശ്രമിച്ച തന്നെ മർദ്ദിച്ചതായി പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം മുഹമ്മദ് റോഷൻ പെൺകുട്ടിയുമായി ട്രെയിനിൽ കടക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം സംഘത്തിലെ മറ്റു മൂന്നു പേരെയും ഓച്ചിറ പൊലീസ് പിടികൂടി. മുഹമ്മദ് റോഷന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ബംഗളൂരുവിലായിരുന്നു. അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് രണ്ടുപേരും മുംബെയിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് ചൊവ്വാഴ്ച മുംബൈ പൻവേലിന് സമീപത്തെ വാടക മുറിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ പെൺകുട്ടിയെയും ഇന്നലെ വൈകിട്ടോടെയാണ് ഓച്ചിറയിലെത്തിച്ചത്.
പെൺകുട്ടിയുടെ പ്രായത്തിൽ
അവ്യക്ത തുടരുന്നു
താൻ എട്ടാം ക്ലാസ് വരെ രാജസ്ഥാനിൽ പഠിച്ചുവെന്നും അതിന് ശേഷം ആറ് വർഷം മുൻപാണ് ഓച്ചിറയിലെത്തിയതെന്നുമാണ് പെൺകുട്ടി ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതുപ്രകാരമാണെങ്കിൽ പതിനെട്ടിന് മുകളിൽ പ്രായമുണ്ട്. പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായെന്നും പ്രണയത്തിലായിരുന്ന തങ്ങൾ സ്വന്തം ഇഷ്ട പ്രകാരം നാടുവിട്ടതാണെന്നുമാണ് മുഹമ്മദ് റോഷൻ അവകാശപ്പെടുന്നത്. എന്നാൽ പെൺകുട്ടിക്ക് 13 വയസേയുള്ളുവെന്നാണ് രക്ഷാകർത്താക്കൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സ്കൂളിൽ നിന്ന് അഞ്ചാം ക്ലാസ് പഠനം പൂർത്തിയാക്കിയപ്പോൾ ലഭിച്ച ടി.സി ഹാജരാക്കി. ഇതിൽ 17-9-2001 ആണ് പെൺകുട്ടിയുടെ ജനനതീയതി. ഇതുപ്രകാരം പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയാകാൻ ഏതാനും മാസങ്ങൾ കൂടിയുണ്ട്.. ഈ സാഹചര്യത്തിൽ പോക്സോ നിയമ പ്രകാരമാണ് മുഹമ്മദ് റോഷനെതിരെ കേസെടുത്തിരിക്കുന്നത്. പ്രായം സംബന്ധിച്ച് കൂടുതൽ വ്യക്ത വരുത്താനായി അന്വേഷണ സംഘം ഉടൻ രാജസ്ഥാനിലേക്ക് പോകും.