ഡെറാഡൂൺ : കോൺഗസ് രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം ദാരിദ്ര്യം തുടച്ചുനീക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ദാരിദ്ര്യത്തിന് കാരണം കോൺഗ്രസ് പാർട്ടിയാണ്. കോൺഗ്രസിനെ തുടച്ചുനീക്കിയാൽ ദാരിദ്ര്യം ഇല്ലാതാകുമെന്നാണ് പാവപ്പെട്ടവർ പറയുന്നതെന്ന് നൈനിറ്റാൾ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.
കുറഞ്ഞ വരുമാനം ഉറപ്പാക്കുന്നതിനുള്ള കോൺഗ്രസിന്റെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള മിന്നാലാക്രമണമാണെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മോദിയുടെ മറുപടി.
രാജ്യത്തെ സൈന്യത്തിന് ആധുനിക യുദ്ധോപകരണങ്ങൾ നൽകിയത് എൻ.ഡി.എ സർക്കാരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാകിസ്താനിലെ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തി ഭീകര കേന്ദ്രങ്ങൾ തകർത്തു. രാജ്യത്തെ സൈന്യത്തെ കോൺഗ്രസ് സംശയിക്കുകയാണ്. പാകിസ്താനിൽ ഹീറോ ആകാൻ വേണ്ടി ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുന്നവരെ ജനം മറക്കില്ല. മുംബയ് ഭീകരാക്രമണം നടന്നപ്പോൾ കോൺഗ്രസിന്റെ രക്തം തിളക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സൈന്യത്തിന് ആയുധങ്ങൾ നൽകാത്ത കോൺഗ്രസ് സർക്കാർ നടപടികൾക്കെതിരെ കേസ് നൽകുകയാണെന്നും റാഫേൽ ഇടപാടിനെ പരാമർശിച്ച് പ്രധാനമന്ത്രി ആരോപിച്ചു.