kob-sarave

തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ ഇരട്ടസഹോദരങ്ങൾ മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന അയൽവാസിയായ വിദ്യാർത്ഥിയെയും ഇവരെ രക്ഷിക്കാനിറങ്ങിയ യുവാവിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. വടകര വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരത്തിന് സമീപം നന്ദനം വീട്ടിൽ അനിൽകുമാർ- റീന ദമ്പതികളുടെ മക്കളായ സൗരവ് (16), സന്ദീപ് (16) എന്നിവരാണ് മുങ്ങി മരിച്ചത്. ഇവരുടെ അയൽവാസിയും സുഹൃത്തുമായ കൊടിയനേഴത്ത് അൽ അമീൻ (13), ഇവരെ രക്ഷിക്കാനിറങ്ങിയ അൽ അമീന്റെ മാതൃസഹോദരിയുടെ മകൻ ഷൈജു (26) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി.

ഇന്നലെ വൈകിട്ട് 3 മണിയോടെ തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് പാലത്തിന് സമീപം തൈക്കാവ് കടവിലാണ് സംഭവം. മൂവരും ഒന്നിച്ചാണ് കുളിക്കാനെത്തിയത്. ആർക്കും നീന്തൽ വശമുണ്ടായിരുന്നില്ല. മൂവർ സംഘത്തിൽ ആദ്യം കയത്തിൽ വീണത് സന്ദീപാണ്. രക്ഷിക്കാനിറങ്ങിയ സൗരവും കയത്തിലേയ്ക്ക് വീണു. ഇരുവരും മുങ്ങിത്താഴുന്നതുകണ്ട് നിലവിളിച്ചുകൊണ്ട് അൽ അമീനും കരയിലിരുന്ന ഷൈജുവും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരും കയത്തിൽപെട്ടു. ബഹളംകേട്ട് തൊഴിലാളികളും നാട്ടുകാരും വെള്ളത്തിലേയ്ക്ക് എടുത്തുചാടിയെങ്കിലും അമീനെയും ഷൈജുവിനെയും മാത്രമാണ് രക്ഷിക്കാനായത്. പൊലീസും ഫയർഫോഴ്‌സും നടത്തിയ തെരച്ചിൽ 4 മണിയോടെ സൗരവിന്റെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം വൈകിട്ട് സന്ദീപിന്റെ മൃതദേഹം പുറത്തെടുത്തു. .