rahul-gandhi

ന്യൂഡൽഹി: യുവസംരംഭകരെ ലക്ഷ്യമിട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം. തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ പുതിയ സംരഭകർക്ക് ആദ്യ മൂന്ന് വർഷത്തേക്ക് ഒരു തരത്തിലുള്ള അനുമതികളുടേയും ആവശ്യമില്ലെന്നും ബാങ്ക് വായ്പകൾ എളുപ്പത്തിൽ നൽകുമെന്നാണ് വാഗ്ദാനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ സംരംഭം തുടങ്ങാനും രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നിങ്ങൾക്കാഗ്രഹമുണ്ടോ എന്ന ചോദ്യത്തിൽ തുടങ്ങുന്ന ട്വീറ്റിൽ

സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾക്ക് ഈടാക്കുന്ന 'ഏയ്ഞ്ചൽ ടാക്‌സ്' ഇനി ഉണ്ടാകില്ലെന്നും പറഞ്ഞിട്ടുണ്ട്. എത്ര തൊഴിൽ സൃഷ്ടിക്കുന്നുവോ അതിനനുസൃതമായി നികുതി ഇളവ് ലഭ്യമാക്കും. നിലവിൽ 30 ശതമാനം ഏയ്ഞ്ചൽ ടാക്സിയാണ് ഈടാക്കുന്നത്.

തദ്ദേശ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കോൺഗ്രസ് പ്രധാനമായും മുൻഗണന നൽകുന്നതെന്ന് കഴിഞ്ഞ ദിവസം രാഹുൽ പറഞ്ഞിരുന്നു. പുതിയ സംരഭങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.