ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്ന ചർച്ചകൾ പോലെ തന്നെ ശ്രദ്ധ നേടിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കുമെന്ന വാർത്തകൾ. ഈ വാർത്തകളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക. റായ്ബറേലിയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംസാരിക്കവെയാണ് ദിവസങ്ങളായി മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രിയങ്കയുടെ പ്രതികരണം.
അമ്മ സോണിയയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമോ എന്ന ചോദ്യത്തിന് എന്തുകൊണ്ട് വാരണാസിയിൽ തനിക്ക് മത്സരിച്ച് കൂട എന്ന് പ്രിയങ്ക ചോദിക്കുകയായിരുന്നു. തമാശയായാണ് പ്രിയങ്കയുടെ ചോദ്യമെങ്കിലും മറുപടിയിൽ കാര്യമുണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
പ്രിയങ്ക മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുമെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. എന്നാൽ കോൺഗ്രസ് ഇത് നിഷേധിച്ചിരുന്നു. പാർട്ടി നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് പ്രിയങ്ക പറയുന്നത്.
ഇത്തവണയും വരിണാസിയിൽ നിന്നാണ് മോദി മത്സരിക്കുന്നത്. കോൺഗ്രസ്-എസ്.പി-ബിഎസ്.പി സഖ്യം ഇതുവരെ വരാണാസിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നതും പ്രിയങ്കയുടെ വരവിന് സാദ്ധ്യത കൂട്ടുന്നുണ്ട്.