ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ വെന്നിക്കൊടി പാറിച്ച അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന് റിപ്പോർട്ട്. നിലവിലെ സാഹചര്യം അനുസരിച്ച് നടത്തിയ സർവേഫലങ്ങളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇവിടെ നിന്ന് 100 സീറ്റുകൾക്ക് അടുത്ത് ബി.ജെ.പി നഷ്ടമാകും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് ഏറ്റവും ഇടിവ് നേടിയ സംസ്ഥാനങ്ങളാണ് ഇവ. ഏറ്റവും കുറഞ്ഞ നിലയിലാണ് ഈ സംസ്ഥാനങ്ങളിൽ ഉള്ളത്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവയാണ് പ്രധാനപ്പെട്ട നാല് സംസ്ഥാനങ്ങൾ. ഇതിനൊപ്പം തമിഴ്‌നാടും കൂടി ചേരുമ്പോൾ മോദിയുടെ പ്രതിച്ഛായ വളരെ താഴെ പോകും. ഈ അഞ്ച് സംസ്ഥാനങ്ങളിലായി 249 സീറ്റുണ്ട്. മൊത്തം സീറ്റിന്റെ 45 ശതമാനമാണ് ഇത്. 2014ൽ ബി.ജെ.പി ഈ സംസ്ഥാനങ്ങളിൽ നിന്ന് 187 സീറ്റാണ് നേടിയത്. ഇത്തവണ ഇതിൽ 100 സീറ്റുകൾ നഷ്ടമാകും.
അതേസമയം കോൺഗ്രസും മറ്റ് പ്രാദേശിക കക്ഷികളും വൻ കുതിപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. ഈ നാല് സംസ്ഥാനങ്ങളിലും രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർദ്ധിച്ചിട്ടുണ്ട്. മോദിക്ക് മാസങ്ങൾക്ക് മുമ്പ് വരെ വൻ ജനപ്രീതി ഉണ്ടായിരുന്ന സംസ്ഥാനങ്ങളാണ് ഇപ്പോൾ നഷ്ടമാകുന്നതിന്റെ വക്കിൽ നില്‍ക്കുന്നത്.
യു.പിയിൽ 73 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബി.ജെ.പി കഴിഞ്ഞ തവണ നേടിയത്. എന്നാൽ അഞ്ച് വർഷം കൊണ്ട് ദയനീയ അവസ്ഥയിലാണ് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ. 43.9 പേരാണ് അദ്ദേഹത്തിന്റെ പ്രവർത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത്. ശരാശരി ആണെങ്കിലും രണ്ട് മാസം മുമ്പ് നടന്ന സർവേയാണിത്.
യുപിയിൽ എം.പിമാരുടെ പ്രവർത്തനത്തിൽ 8.2 ശതമാനവും എം.എൽ.എമാരുടെ പ്രകടനത്തിൽ 11.8 ശതമാനം പേരുമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രകടനം നല്ലതാണെന്ന് വെറും 22 ശതമാനം പേരാണ് രേഖപ്പെടുത്തിയത്. കോൺഗ്രസിന്റെയും മഹാസഖ്യത്തിന്റെയും വോട്ടുശതമാനം വർധിക്കുന്നതോടെ യു.പിയിൽ 44 സീറ്റിന്റെ നഷ്ടം ബി.ജെ.പിക്കുണ്ടാവും. 27 സീറ്റിൽ ബി.ജെ.പി ഒതുങ്ങും.
മഹാരാഷ്ട്രയിൽ 48 സീറ്റുകളാണ് ഉളളത്. 41 സീറ്റുകളാണ് ഇവിടെ ബി.ജെ.പി ശിവസേന സഖ്യത്തിനുള്ളത്.
തമിഴ്‌നാട്ടില്‍ മോദിയുടെ പ്രതിച്ഛായ 2.2 ശതമാനത്തിലാണ്. അഞ്ച് സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും മോശമാണിത്. എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യവും ബി.ജെ.പിക്ക് തിരിച്ചടിയാണ്. എടപ്പാടി പളനിസാമിക്ക് വെറും 7.7 ശതമാനത്തിന്റെ പിന്തുണയാണ് ഉള്ളത്. ഇവിടെ അഞ്ച് സീറ്റിലേക്ക് എൻ.ഡി.എ ഒതുങ്ങും. ഈ മൂന്ന് സംസ്ഥാനങ്ങളിൽ 85 സീറ്റുകൾ ബി.ജെ.പിക്ക് നഷ്ടമാകും.
ബംഗാളിൽ 22 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. പക്ഷേ തൃണമൂൽ കോൺഗ്രസിന്റെയും മമതാ ബാനർജിയുടെയും പ്രതിച്ഛായക്ക് മുന്നിൽ ബി.ജെ.പി തരിപ്പണമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്കുന്നത് 43.2 ശതമാനമാണ്. എന്നാൽ ഇവിടെ മോദിയേക്കാൾ മുന്നിലാണ് മമത. ഇവിടെ ബി.ജെ.പി എട്ട് സീറ്റുകൾ വരെ നേടും. 2014നെ അപേക്ഷിച്ച് ആറ് സീറ്റിന്റെ വർദ്ധനവ്. പക്ഷേ അപ്പോഴും അമിത് ഷാ വിചാരിക്കുന്ന നേട്ടമുണ്ടാകില്ല.
ബീഹാറിൽ മോദിയെ 50 ശതമാനവും നിതീഷ് കുമാറിനെ 55.3 ശതമാനവും പിന്തുണയ്ക്കുന്നു. ഇവിടെ 2014ൽ 31 സീറ്റ് നേടിയിരുന്നു എൻ.ഡി.എ. അതുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പറയാനാവില്ല. 36 സീറ്റുകൾ വരെ ബി.ജെ.പി നേടുമെന്ന് സർവേ പ്രവചിക്കുന്നു. പക്ഷേ എം.എൽ.എമാരും എം.പിമാരും ഇവിടെ മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഇത് കോൺഗ്രസ് ആർ.ജെ.ഡി സഖ്യത്തിന് ഗുണകരമായേക്കും.