yuvraj-singh-

ബംഗളൂരു: മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു എന്ന സൂപ്പർ ഹിറ്റ് ഡയലോഗ് ക്രിക്കറ്ര് ലോകത്ത് ഇപ്പോൾ ഏറ്രവും ചേരുന്നത് യുവ്‌രാജ് സിംഗിനാണ്. വ്യാഴാഴ്ച ചിന്നസ്വാമിയിൽ നിലവിലെ ഏറ്രവും അപകടകാരിയായ സ്പിന്നർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യൂസ്‌വേന്ദ്ര ചഹാലിനെ നിലം തൊടീക്കാതെ തുടരെ മൂന്ന് തവണ ഗാലറിയിലേക്ക് പറത്തി വേസ്റ്റെന്ന് കളിയാക്കിയവരെക്കൊണ്ട് യുവി യൂ ആർ ദ ചാമ്പ്യൻ എന്ന് പറയിപ്പിച്ചൂ അയാൾ. ആ ഹാട്രിക്ക് സിക്സുകളിലൂടെ ആരാധകരെ, 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്രുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറ് സിക്സിന് പറത്തിയ തന്റെ പ്രതാപകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി യുവി.

മുംബയ് ഇന്ത്യൻസിന്റെ ഇന്നിംഗ്സിലെ പതിന്നാലാം ഓവറിലാണ് വിന്റേജ് യുവിയുടെ വിളയാട്ടം ചിന്നസ്വാമി കണ്ടത്. ആദ്യ പന്ത് ഷോട്ട് ലെംഗ്തായെറിഞ്ഞ ചഹാലിനെ സ്ക്വയർ ലെഗിന് മുകളിലൂടെ ഗാലറിയിലെത്തിച്ചാണ് യുവി തുടങ്ങിയത്. അടുത്തത് ഓഫ് സ്റ്രമ്പിന് വെളിയിൽ ഗുഡ് ലെംഗ്ത് ബാൾ. ചഹാലിന്റെ തലയ്ക്ക് മുകളിലൂടെ പറന്ന് 83 മീറ്റർ അകലെ കാണികൾക്കിടയിലാണ് ആ പന്ത് ലാൻഡ് ചെയ്തത്. മൂന്നാം പന്ത് ഓഫ് സ്റ്രമ്പിന് വെളിയിലൊരു ഷോർട്ട് ലെംഗ്ത് ബാൾ. ബാക്ക് ഫുട്ടിലൂന്നി യുവിതൊടുത്ത ഷോട്ട് ലോംഗ് ഓണിനപ്പുറം ആരാധകരുടെ ആഹ്ലാദാരവങ്ങളിലേക്ക് പറന്നിറങ്ങി. നാലാം പന്തിലും സിക്സിനു ശ്രമിച്ച യുവിക്ക് തലനാരിഴയ്ക്ക് പിഴച്ചു. ലോംഗ് ഓഫ് ബൗണ്ടറിക്കരികിൽ സിറാജിന്റെ സുന്ദരൻ ക്യാച്ച് യുവിക്ക് മടക്ക ടിക്കറ്രാവുകയായിരുന്നു. 12 പന്തിൽ 23 റൺസുമായി യുവി തിരിച്ചു നടന്നപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് ചിന്നസ്വാമിയിലെ ജനക്കൂട്ടം അദ്ദേഹത്തെ യാത്രയാക്കിയത്.
ഡിസംബറിൽ ഐ.പി.എൽ താരലേലം നടക്കുമ്പോൾ ആദ്യ ഘട്ടത്തിൽ ആർക്കും വേണ്ടായിരുന്നു ഒരു കാലത്ത് പൊന്നും വിലയുള്ള യുവിയെ. പണക്കൊഴുപ്പിന്റെ ലേല ത്രാസിൽ പ്രതിഭയെ പ്രായം കൊണ്ടളന്നപ്പോൾ തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ലെന്ന് പലരും മറന്നുപോയി. രണ്ടാം ശ്രമത്തിലാണെങ്കിലും അയാൾക്കൊരവസരം നൽകാൻ തയ്യാറായ മുംബയ് ഇന്ത്യൻസിന് ആ തീരുമാനം കൊണ്ട് നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. യുവിയെ ടീമിലെടുത്തതോടെ അവരുടെ ആരാധകരുടെ എണ്ണം റോക്കറ്ര് പോലെ കുതിച്ച് കയറി. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ 35 പന്തിൽ 53 റൺസ് നേടി ടീമിന്റെ ടോപ് സ്‌കോററായതും യുവിയായിരുന്നു. വിദൂരമെങ്കിലും ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലേക്കുള്ള സാധ്യതകൾ കൂടിയാണ് യുവി ഐ.പി.എല്ലിലൂടെ അന്വേഷിക്കുന്നത്.

2 മത്സരം

76 റൺസ്

1ഫിഫ്റ്റി

5ഫോർ

6സിക്സ്

'ആദ്യ മൂന്ന് പന്തും സിക്‌സ് അടിച്ചപ്പോൾ ഒരു നിമിഷം അന്നത്തെ ബ്രോഡിന്റെ അവസ്ഥ ആലോചിച്ചു. എന്നാൽ പെട്ടെന്നുതന്നെ മനസ്സാനിധ്യം വീണ്ടെടുക്കാനായി. എനിക്ക് ചെയ്യാൻ പറ്റുന്ന മികച്ച പന്തുകളെ കുറിച്ചായിരുന്നു പിന്നീട് ആലോചന. നാലാം പന്ത് അൽപം വൈഡായി ഒരു ഗൂഗ്ലി പരീക്ഷിക്കുകയായിരുന്നു.

മത്സരശേഷം ചഹാൽ