alphons-kannanthanam

കൊച്ചി: എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കോടതി മുറിയിലേക്ക് ഓടിക്കയറിയത് വിവാദമായി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയാണ് പറവൂർ അഡീഷണൽ സബ് കോടതി മുറിയിൽ കണ്ണന്താനം എത്തിയത്. കോടതി ചേരാൻ അൽപ്പനേരമുള്ളപ്പോൾ മുറിയിൽ എത്തിയ കണ്ണന്താനം ജഡ്‌ജി എത്തുന്നതിന് മുമ്പ് ഇറങ്ങുകയും ചെയ്‌തു. എന്നാൽ കണ്ണന്താനത്തിന്റെ നടപടി തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിഷനിൽ പരാതി നൽകുമെന്നുമാണ് കോടതിയിലുണ്ടായിരുന്ന അഭിഭാഷകരുടെ നിലപാട്.

സാധാരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥികൾ ആരും കോടതിക്കുള്ളിൽ കയറി വോട്ടുചോദിക്കുക പതിവില്ല. കണ്ണന്താനം കോടതി മുറിയിൽ എത്തിയപ്പോൾ തന്നെ ചില അഭിഭാഷകർ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധിച്ചിരുന്നു. ബാർ അസോസിയേഷനിൽ എത്തി വോട്ടുചോദിച്ച ശേഷം കോടതി മുറിക്കുള്ളിലും വോട്ട് തേടിയ കണ്ണന്താനത്തിന്റെ നടപടി തെറ്റാണെന്നാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കോടതി മുറിയിൽ കയറിയെങ്കിലും വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നാണ് കണ്ണന്താനത്തിന് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാക്കൾ പറയുന്നത്.

നേരത്തെ,​ എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ കണ്ണന്താനം ചാലക്കുടി മണ്ഡലത്തിൽ വോട്ടഭ്യർത്ഥിച്ച് എത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ കണ്ണന്താനം ആലുവയിൽ എത്തി വോട്ട് തേടുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്റെ പ്രശ്‌നമാണോ എന്നായിരുന്നു കണ്ണന്താനത്തിന്റെ മറുചോദ്യം.