'ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെ'- കേക്ക് മുറിച്ച് നൽകി തന്റെ സംവിധായകനോട് മലയാള സിനിമയുടെ വിസ്‌മയതാരം പറഞ്ഞ വാക്കുകളാണിത്. ആ സംവിധായകൻ പൃഥ്വിരാജും താരം മോഹൻലാലുമാകുമ്പോൾ ആഹ്ളാദം പതിന്മടങ്ങാവുകയാണ് ഓരോ ആരാധകനിലും. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ലൂസിഫർ മറ്റൊരു റെക്കാഡിലേക്ക് കുതിക്കുകയാണ്. ആ സന്തോഷം പങ്കുവയ്‌ക്കുകയായിരുന്നു കുടുംബത്തോടൊപ്പം താരങ്ങൾ.
വീ ആർ ബ്ളെസ്‌ഡ് എന്നു പറഞ്ഞുകൊണ്ടാണ് മോഹൻലാൽ പൃഥ്വിരാജിനൊപ്പം കേക്ക് മുറിച്ചത്. തുടർന്ന് ഒരു കഷ്‌ണം രാജുവിന്റെ വായിൽവച്ചു കൊടുത്ത ശേഷം ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെയെന്ന് അനുഗ്രഹിക്കുകയും ചെയ്‌തു. ലാലിന്റെ കാൽതൊട്ട് വണങ്ങിയാണ് പൃഥ്വി ആ വാക്കുകളെ സ്വീകരിച്ചത്. ടൊവിനോ തോമസ്, സുചിത്രാ മോഹൻലാൽ, സുപ്രിയ മേനോൻ തുടങ്ങിയവരും ആഘോഷത്തിൽ പങ്കുകൊണ്ടു.
സ്‌റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‌ട്രീയ നേതാവായി മോഹൻലാൽ അരങ്ങു തകർക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയാണ് മുന്നേറുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, കലാഭവൻ ഷാജോൺ, ബൈജു, നന്ദു, ഫാസിൽ തുടങ്ങിയ വൻതാരനിരയ്‌ക്കൊപ്പം പൃഥ്വിരാജും ലൂസിഫറിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതുവരെയുള്ള എഴുത്തിൽ നിന്നെല്ലാം വിഭിന്നമായി ഒരു പക്കാ മാസ് എന്റർടെയ്‌നറായാണ് മുരളി ഗോപി ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ലാലേട്ടനെ ഞാൻ എങ്ങനെയാണോ കാണാൻ ആഗ്രഹിച്ചത് ആതാണ് ലൂസിഫർ' എന്ന വാക്ക് പൃഥ്വിരാജ് പാലിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകരും.