rahul-gandhi

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ തുടരുന്നതിനിടെ വിവാദ വെളിപ്പെടുത്തലുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. രാഹുലിന്റെ വരവ് തടയുന്നത് ഒരു പാർട്ടി ഡൽഹിയിൽ നടത്തിയ അന്തർനാടകങ്ങളാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അന്തമായ കോൺഗ്രസ് വിരോധമാണ്. വയനാട്ടിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് ജയസാധ്യതയെ ബാധിക്കില്ല. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നടത്തിയ പരാമർശങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അമേതിയെ കൂടാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കണോ എന്നകാര്യത്തിൽ രാഹുൽ ഗാന്ധി ഇതുവരെ മനസ് തുറന്നിട്ടുമില്ല. രണ്ടാം മണ്ഡലം വേണ്ടി വന്നാൽ അത് വയനാട് ആയിരിക്കില്ലെന്നും സൂചനകളുണ്ട്. വയനാട്ടിൽ രാഹുൽ വരുമെന്ന് ഉറപ്പു പറഞ്ഞ കേരള നേതാക്കൾ ഇതോടെ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞു തുടങ്ങി. രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വയനാട്ടിൽ മത്സരിക്കണമെന്ന നിർദ്ദേശം വയ്‌ക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ എന്നുമാണ് ഉമ്മൻ ചാണ്ടി ഇന്നലെ വിശദീകരിച്ചത്. വയനാട്, വടകര സ്ഥാനാർത്ഥികളെ ഇന്നലത്തെ ഡൽഹി യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. രാഹുൽ ഇല്ലെങ്കിൽ വയനാട്ടിലെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കണമെന്ന് കേരള നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.