biplab

അഗർത്തല: തുടർച്ചയായ 25വർഷത്തെ ഭരണത്തിനൊടുവിൽ ത്രിപുരയിൽ അധികാരം കൈവിട്ട സി.പി.എം സ്വന്തം മുഖപത്രം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. പത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിക്കെതിരെ നിയമ യുദ്ധത്തിലാണ് പാർട്ടി.

ത്രിപുരയിൽ ഇടത് രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്ന പാർട്ടിയുടെ അഭിമാനചിഹ്നങ്ങളിൽ ഒന്നായ ഡെയിലി ദേശേർ കഥ എന്ന മുഖപത്രത്തിനാണ് ബിപ്ലവ് കുമാർ ദേബിന്റെ സർക്കാർ ആദ്യം തടയിട്ടത്. റജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോർ ഇന്ത്യയുടെ വെബ്സൈറ്റിൽ നൽകിയ വിവരങ്ങളിൽ വൈരുധ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടം ദേശേർ കഥയ്ക്ക് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത്. പി.ആർ.ബി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയായിരുന്നു പത്രം റദ്ദാക്കിയത്. ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിൽ രാഷ്ട്രീയ പ്രേരിതമായിട്ടാണ് നടപടി ഉണ്ടായതെന്ന് ദേശേർ കഥയുടെ പത്രാധിപരായ സമീർ പൗൾ പറഞ്ഞു.

''പത്രവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചിരുന്നു. അതെല്ലാം നൽകിയിട്ടും നിയമനടപടി തുടർന്നു. ഒടുവിൽ പ്രസിദ്ധീകരണാനുമതി പോലും നിഷേധിച്ചു''. രേഖകൾ എല്ലാം ആർ.എൻ.ഐ പുതുക്കി നൽകിയിട്ടും ഒക്ടോബർ ഒന്നിന് അർദ്ധരാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ ജില്ലാ ഭരണകൂടം പത്രത്തിന്റെ പ്രസിദ്ധീകരണാനുമതി വീണ്ടും നിഷേധിക്കുകയായിരുന്നു.

പിന്നീട് നടന്ന നിയമപോരാട്ടത്തിനൊടുവിൽ അനുകൂല വിധി നേടുകയും പ്രസിദ്ധീകരണം പുനരാരംഭിക്കുകയും ചെയ്തു. ബിപ്ലവ് കുമാറിന്റെ സർക്കാർ എതിരാളികളെ നിശബ്ദമാക്കുന്നതിന്റെ ഉദാഹരണമാണ് ദേശേർ കഥയുടെ അനുഭവം. 'വായ മൂടിക്കെട്ടുന്ന ഫാസിസ്റ്റ്‌ ഭരണത്തിന്റെ ഉദാഹരണ'മാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിപ്ലവിന്റെ സർക്കാരിന് മുന്നിൽ തലകുനിക്കാൻ ദേശേർ കഥയും തൊഴിലാളികളും തയ്യാറല്ലെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.