ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും. വൈകുന്നേരം ഇവിടുത്തെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്ന പ്രിയങ്ക മെഗാ ഇലക്ഷൻ റാലിയിൽ പങ്കെടുക്കുമെന്നും പൊതുയോഗത്തിൽ സംസാരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം, റാലിക്ക് മുന്നോടിയായി അയോധ്യയിൽ പ്രിയങ്കയെ രാമ ഭക്തയാണെന്ന് വിശേഷിപ്പിക്കുന്ന പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് കൗതുകമായി. രാമന്റെ ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളാണ് അയോധ്യയിൽ വ്യാപകമായി കാണപ്പെട്ടത്. അതേസമയം, രാമന്റെ ജന്മം തന്നെ ചോദ്യം ചെയ്‌ത കോൺഗ്രസ് രാമന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഉത്തർപ്രദേശ് മന്ത്രി മുഹ്സിൻ റാസ ചോദിച്ചു.
അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും സജീവമായി. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന് പ്രിയങ്ക ഇതിനോടകം തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേപ്പറ്റിയുള്ള ചോദ്യത്തിന് നിങ്ങൾക്കെല്ലാം ആകാമെങ്കിൽ ഞാൻ മത്സരിച്ചാൽ എന്താണെന്നാണ് പ്രിയങ്ക തിരിച്ച് ചോദിച്ചത്. മത്സരിക്കുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ നിന്നാകും പ്രിയങ്ക മത്സരിക്കുക എന്നാണ് വിവരം. എന്നാൽ തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് താത്പര്യമെന്നുമാണ് പ്രിയങ്കയുടെ വ്യക്തിപരമായ അഭിപ്രായമെന്നാണ് റിപ്പോർട്ട്.