ഇന്ന് രാഷ്ട്രീയം പിടിമുറുക്കാത്ത മേഖലകൾ കുറവാണ്. എന്നാൽ കലയും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴയ്ക്കാനാവുമോ? കൂട്ടിക്കുഴച്ചാൽ തന്നെ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടാൻ രാഷ്ട്രീയക്കാർക്ക് അധികാരമുണ്ടോയെന്നതും പ്രസക്തമായ ചോദ്യമാണ്. രാഷ്ട്രീയ ഉള്ളറകളിലെ പിടിവലികൾ മൂലം അനിക് ദത്തയെന്ന കഴിവുറ്റ കലാകാരന്റെ മികച്ച ഒരു കലാസൃഷ്ടിയാണ് ലോകം കാണാതെ പോയത്. ഭൂതേർ ഭൊവിഷ്യത് (2012) എന്ന പ്രേതസിനിമയിലൂടെയാണ് അനിക് ദത്ത സിനിമാ ലോകത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് കാൽവയ്പ് നടത്തിയത്. വളരെ വ്യത്യസ്തമായ പ്രമേയമായിരുന്നു ഈ ബംഗാളി സിനിമയുടേത്. ആധുനികതയുടെ അതിപ്രസരം മൂലം പ്രേതങ്ങൾക്ക് പോലും തങ്ങളുടെ വാസസ്ഥലം നഷ്ടമാകുന്ന സാഹചര്യം ആസന്നമാകുന്നതിനെക്കുറിച്ച് വളരെ രസകരമായി ദത്ത പറഞ്ഞു ഫലിപ്പിച്ചു. ആ വർഷത്തെ ബംഗാളിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയായിരുന്നു ഇത്. ഇതിന് ശേഷം മൂന്ന് സിനിമകൾ കൂടി ദത്ത സംവിധാനം ചെയ്തു. ദത്തയുടെ ഏറ്റവും പുതിയ ചിത്രമാണ് 'ഭവിഷേർ ഭൂത് "( ഭാവിയുടെ ഭൂതം) ഭൊവിഷ്യതിൽ വാസസ്ഥലം നഷ്ടമാകുന്നതിനെതിരെ പ്രതികരിക്കുന്ന ആത്മാക്കളുടെ കഥ തമാശയുടെ രസക്കൂട്ട് ചേർത്ത് ദത്ത അവതരിപ്പിച്ചു. എന്നാൽ, ഭവിഷേർ ഭൂതിൽ തങ്ങളുടെ പ്രേതഭവനങ്ങൾ ആധുനിക കെട്ടിടങ്ങളായി രൂപാന്തരപ്പെട്ടതോടെ വാസസ്ഥലമില്ലാതെ ഉഴറുന്ന ഒരുകൂട്ടം പാവം പ്രേതങ്ങളാണുള്ളത്. അവസാനം അവർ ഒരു അഭയാർത്ഥി ക്യാമ്പിൽ അഭയം തേടുകയും തങ്ങൾക്ക് സംജാതമായിരിക്കുന്ന ദുരവസ്ഥയ്ക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നു. പക്ഷേ ഈ സിനിമ റിലീസ് ചെയ്ത ഉടനെ തന്നെ തീയേറ്ററുകളിൽ നിന്നും പിൻവലിപ്പിച്ചു.
ബംഗാളിലെ പ്രധാന അധികാര കേന്ദ്രമായ തൃണമൂൽ പാർട്ടിയെ പരിഹസിച്ചതാണത്രേ സിനിമ നിരോധിക്കാനുള്ള കാരണം. സിനിമയിൽ ചിന്നോമൂൽ പാർട്ടിയെന്ന് പ്രതിപാദിക്കുന്നുണ്ട്. അത് തൃണമൂലിനെതിരെയാണെന്നാണ് നേതാക്കളുടെ പക്ഷം. തൃണമൂൽ പാർട്ടിയിലെ തലമുതിർന്ന നേതാക്കന്മാരുടെ ഇടപെടൽ മൂലം സിനിമ കൊൽക്കത്തയിൽ പിൻവലിച്ചു. സാങ്കേതിക പ്രശ്നം മൂലമാണ് സിനിമ പിൻവലിച്ചതെന്ന് പറഞ്ഞ് തിയേറ്റർ ഉടമസ്ഥർ കൈകഴുകിയപ്പോൾ, മൾട്ടിപ്ലക്സ് ഉടമസ്ഥർ അധികാരികളുടെ നിർദ്ദേശം മൂലമാണ് സിനിമ പിൻവലിച്ചതെന്ന് തുറന്നുപറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സംവിധായകരും അഭിനേതാക്കളും വിദ്യാർത്ഥികളുമടക്കമുള്ളവർ റാലി സംഘടിപ്പിച്ചിരുന്നു. ദത്തയോടൊപ്പം പ്രശസ്ത നടനായ സൗമിത്ര ചാറ്റർജി, ജയന്ത് കൃപലാനി സംവിധായകനായ ബുദ്ധദേബ് ദാസ് ഗുപ്ത, നടിയും സംവിധായകയുമായ അപർണ സെൻ എന്നിവരും റാലിയിൽ പങ്കെടുത്തു. അതിനൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്ത് പ്രേത മുഖംമൂടി ധരിച്ച് യുവ സിനിമാപ്രേമികളും, സാങ്കേതിക പ്രവർത്തകരും, വിദ്യാർത്ഥികളും പിന്തുണ അറിയിച്ച് റാലിയിൽ ചേർന്നു. സുപ്രീംകോടതി ചിത്രം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിധി പ്രസ്താവിച്ചെങ്കിലും തൃണമൂൽ ഭരണകൂടം അത് കേട്ടതായി ഭാവിക്കുന്നില്ല. സിനിമ റിലീസ് ചെയ്ത് പിറ്റേദിവസം തന്നെ നിർമ്മാതാവിനെപ്പോലുമറിയിക്കാതെ പ്രദർശനം നിറുത്തുകയായിരുന്നു.
സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കൊൽക്കത്ത പൊലീസിനായി പ്രത്യേക പ്രദർശനം വേണമെന്ന അവരുടെ നിലപാട് നിർമ്മാതാക്കൾ തള്ളിയിരുന്നു. 2011ൽ അധികാരം ലഭിച്ച ശേഷം മമത സിനിമയെയും സാംസ്കാരിക പ്രവർത്തകരെയും വളർത്തിയെടുക്കുന്നതിൽ വലിയ ശുഷ്കാന്തി കാണിച്ചിരുന്നു. തനിക്ക് അനുകൂലമായി നിൽക്കുന്ന ഒരുകൂട്ടം സിനിമാ പ്രവർത്തകരെ പാർട്ടി സമ്മേളനങ്ങളിലും പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. പൊതുജനങ്ങളുടെ മുന്നിൽ അവരെ പ്രദർശന വസ്തുക്കളാക്കുകയായിരുന്നു മമത. ഇപ്പോൾ സിനിമാ മേഖലയിൽ നിന്ന് അഞ്ച് എം.പിമാരുണ്ട് തൃണമൂൽ കോൺഗ്രസിന്. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ഗുണം ചെയ്യാനായി അവരെ ഉപയോഗിക്കുകയായിരുന്നു മമതയെന്നാണ് നിരീക്ഷകർ പറയുന്നത്. അവാർഡുകളും മറ്റ് ഉപഹാരങ്ങളും നൽകി മമത അവരെ വശത്താക്കി. എന്നാൽ, ഭവിഷേർ ഭൂതിനോടുള്ള മമതയുടെ സമീപനം അവരുടെ വക്രത വെളിയിൽ കൊണ്ടുവന്നിരിക്കുകയാണ്. ഇതൊരു തിരഞ്ഞെടുപ്പ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. തിന്മ നിറഞ്ഞവർ ബംഗാൾ സിനിമയുടെ ഉള്ളിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ദത്ത തുറന്നടിച്ചിരുന്നു. ടോളിവുഡിലെ ഒരു വിഭാഗം സർക്കാരുമായി ബന്ധമുള്ളവരാണ്. അവർ സിനിമ ലോകത്തെയാകെ പിടിമുറുക്കുകയാണെന്നും ദത്ത പറയുന്നു. ഇതിനെപ്പറ്റി താൻ വളരെ നാളുകളായി സംസാരിക്കാറുണ്ടെന്നും സർക്കാരിന്റെ വാല്യക്കാരായ ഇവരാണ് ഏത് സിനിമ എപ്പോൾ ഇറങ്ങണമെന്നുവരെ തീരുമാനിക്കുന്നതെന്നും ദത്ത ആരോപിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ എല്ലാവരാലും അവഗണിക്കപ്പെട്ട്, വ്യക്തമായി പറഞ്ഞാൽ ജീവനുള്ള പ്രേതമായി കഴിഞ്ഞു കൂടിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ, മരണശേഷം അവർ ഒത്തുകൂടുന്നു. പാർശ്വവത്കരിക്കപ്പെട്ട ആർക്കും വേണ്ടാത്തവരുടെ കഥയാണ് ഭവിഷേർ ഭൂത്. തീർച്ചയായും ഇതിനൊരു രാഷ്ട്രീയ ചായ്വുണ്ട്. സമൂഹത്തിലെ താഴേക്കിടയിൽ എന്ത് സംഭവിക്കുന്നു എന്ന് പറയാനാണ് ദത്ത ശ്രമിച്ചത്. എന്നാൽ ആ തുറന്ന് പറച്ചിലിന് അദ്ദേഹത്തിന് അധികാര കേന്ദ്രങ്ങൾ തിരിച്ച് കൊടുത്ത പ്രതിഫലം വളരെ വലുതാണ്.
സ്വതന്ത്ര ശബ്ദങ്ങളെ നിശബ്ദമാക്കുന്നു
സെൻസർ ചെയ്ത് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തെ അധികാരികൾ നിർബന്ധിച്ച് പിൻവലിപ്പിച്ചത് ഫാസിസ്റ്റ് നടപടിയായേ കാണാൻ കഴിയുകയുള്ളുവെന്ന് വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേബ് ദാസ്ഗുപ്ത കേരളകൗമുദിയോട് പറഞ്ഞു.
ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ഈ കാലഘട്ടത്തിൽപ്പോലും സ്വതന്ത്ര ശബ്ദങ്ങളെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നത് ഭീഷണിപ്പെടുത്തലാണ്. അത്യന്തം നിർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ നിർദ്ദേശം സർക്കാർ നടപ്പിലാക്കണം. ഈ കിരാത നടപടിയെ ഞാൻ അപലപിക്കുന്നു.