മോഹൻലാൽ തകർത്ത് അഭിനയിച്ച ലൂസിഫർ എന്ന മലയാള ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ലൂസിഫർ എന്ന മാലാഖയുടെ ചരിത്രവും വീണ്ടും ചർച്ചയാവുകയാണ്. ക്രിസ്‌തീയ ബിംബങ്ങളെ സിനിമ അവഹേളിക്കുകയാണെന്നും ദൈവത്തിന്റെ ശപിക്കപ്പെട്ട മാലാഖയായ ലൂസിഫറിനെ മഹത്വവത്‌ക്കരിക്കുകയാണെന്നും ആരോപിച്ച് ചില ക്രിസ്‌തീയ സംഘടനകൾ കൂടി രംഗത്ത് വന്നതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും തുടക്കമായത്. ലോകത്തെ മിക്ക മത ഗ്രന്ഥങ്ങളും തങ്ങളുടെ വിശ്വാസികളോട് മുന്നറിയിപ്പ് നൽകിയ ലൂസിഫർ ആരാണെന്ന് എത്രപേർക്കറിയാം.
ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്ലാമിൽ അവനെ ഇബിലീസ് എന്ന് പറയും, ക്രിസ്‌ത്യാനികൾക്കിടയിൽ ഇവനൊരു പേരേയുള്ളൂ…ലൂസിഫർ
ആരാണ് ലൂസിഫർ
ലൂസിഫർ എന്ന പദത്തിന് പ്രഭാത നക്ഷത്രം അല്ലെങ്കിൽ വെളിച്ചം എന്നാണ് അർത്ഥം. സാത്താന്റെ മറ്റൊരു പേരാണ് ലൂസിഫർ എന്നും കരുതപ്പെടുന്നു. മനുഷ്യന്റെ ഉത്പത്തിക്ക് മുമ്പ് ദൈവനിഷേധം നടത്തിയതിന്റെ പേരിൽ സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട ദൈവത്തിന്റെ പ്രിയപ്പെട്ട മാലാഖയായിരുന്നു ലൂസിഫറെന്നാണ് ബൈബിൾ പറയുന്നത്. ലോകത്ത് പാപത്തിന്റെ തുടക്കവും ലൂസിഫറിൽ നിന്നാണെന്ന് ബൈബിൾ പറയുന്നു. ദൈവത്തിന്റെ പറുദീസയിൽ ഗബ്രിയേൽ, മിഖായേൽ മാലാഖമാരേക്കൾ പ്രധാനിയായിരുന്ന ലൂസിഫർ ദൈവത്തേക്കാൾ ഉന്നതനാകാൻ ശ്രമിച്ചതിന്റെ പേരിലാണ് പുറത്താക്കപ്പെടുന്നതും ശപിക്കപ്പെടുന്നതും. പിന്നീട് ആദി മനുഷ്യരായ ആദത്തിനും ഹവ്വയ്‌ക്കും മുന്നിൽ സർപ്പത്തിന്റെ രൂപത്തിലെത്തിയതും ഇതേ ലൂസിഫർ തന്നെയാണ്. താൻ ദൈവത്തപ്പോലെ തന്നെ ആരാധിക്കപ്പെടേണ്ടവനാണെന്ന ചിന്ത പുലർത്തുന്ന ലൂസിഫർ ഇതിന് വേണ്ടി മനുഷ്യകുലത്തിനെയാകെ വരുതിയിലാഴ്‌ത്തണമെന്നും അതിയായി ആഗ്രഹിക്കുന്നു. ബൈബിൾ പുതിയ നിയമത്തിൽ തന്നെ ആരാധിക്കണമെന്ന് യേശുവിനോട് പോലും ലൂസിഫർ ആവശ്യപ്പെടുന്നുണ്ട്.
ശപിക്കപ്പെട്ട ഇബ്‌ലീസ്
ഖുറാനിലും ഏതാണ്ട് സമാനമായ വിവരണങ്ങളോടെ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ഇബ്‌ലീസ്. ആദി മനുഷ്യനായ ആദമിനെ സാഷ്‌ടാംഗം പ്രണമിക്കാത്തിന്റെ പേരിൽ ശപിക്കപ്പെട്ട ഭൂമിയിലേക്ക് അയക്കെപ്പെട്ട മാലാഖ. ലോകം അവസാനിക്കുന്നത് വരെ മനുഷ്യനെ വഴിപിഴപ്പിക്കാനുള്ള വരം വാങ്ങി ഏത് രൂപത്തിലേക്കും മാറാൻ കഴിയുന്ന കൗശലക്കാരൻ. ഖുറാനിൽ പലയിടത്തും ഇബ്‌ലീസിന്റെ തിന്മകളിൽ നിന്നും ദൈവത്തോട് സംരക്ഷണം തേടണമെന്ന ആഹ്വാനമുണ്ട്. മുസ്‌ലിം മതവിശ്വാസികളുടെ ഏതൊരു പ്രാർത്ഥന തുടങ്ങുന്നതും ഇബ്‌ലീസിന്റെ തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേയെന്ന് ദൈവത്തോട് ആവശ്യപ്പെട്ടിട്ടാണ്.
പിശാചിനെ ആരാധിക്കുന്നവർ
പരിശുദ്ധമാക്കപ്പെട്ട മതചിഹ്നങ്ങളെ അവഹേളിച്ച് കൊണ്ടും ദൈവത്തിന്റെ ശപിക്കപ്പെട്ട മാലാഖയെ വാഴ്‌ത്തിക്കൊണ്ടും പിശാചിനെ ആരാധിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് ക്രിസ്‌തീയ സഭകളുടെ ആരോപണം. പ്രത്യേക രീതിയിലുള്ള കുരിശ് ഉപയോഗിച്ച് നടത്തപ്പെടുന്ന ഇത്തരം ആരാധനകളെ ബ്ലാക് മാസ് അഥവാ കറുത്ത കുർബാനയെന്നും അറിയപ്പെടുന്നു. എന്നാൽ ക്രൈസ്‌തവർക്കിടയിൽ മാത്രമല്ല, മുസ്‌ലിങ്ങൾക്കിടയിലും ഹിന്ദു വിശ്വാസികൾക്കിടയിലും ഇത്തരം ആചാരങ്ങൾ ഉണ്ടെന്നാണ് വിവരം. ചാത്തൻ സേവയും ജിന്ന് സേവയുമൊക്കെ ഇതിന് തെളിവുകളാണെന്ന് പറയപ്പെടുന്നു. അടുത്തിടെ തിരുവനന്തപുരം നന്തൻകോട് കേഡൽ എന്ന യുവാവ് തന്റെ മാതാപിതാക്കളെ കൊന്നൊടുക്കിയത് സാത്താൻ സേവയുടെ ഫലമായിട്ടാണെന്ന ആരോപണവും ഉയർന്നിരുന്നു. കേരളത്തിന്റെ പലഭാഗത്തും ഇപ്പോഴും പിശാച് ആരാധകർ ഉണ്ടെന്ന ആരോപണവുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.