കൊൽക്കത്തയിലെ ഇടുങ്ങിയ തെരുവീഥികളിൽ തിരക്കേറിയ ട്രാഫിക്കിനിടയിലൂടെ ഞരങ്ങി നിരങ്ങി നീങ്ങുന്ന ട്രാമിന്റെ മുഖം കാണുമ്പോൾ അത് കൊൽക്കത്തയുടെ തന്നെ മുഖമല്ലേയെന്ന് തോന്നിപ്പോകും. ഇഴഞ്ഞു നീങ്ങുന്ന ട്രാമിനെ അവഗണിച്ച് വാഹനങ്ങളും യാത്രക്കാരും മുന്നേറുമ്പോൾ നിലവിളിക്കുന്നതുപോലെ ട്രാം ഒരു ശബ്ദം മുഴക്കും. നിശ്ചലമായ ഒരു കാലത്തിന്റെ ശബ്ദം. മൂന്നു പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പാർട്ടിയും തുടർന്ന് രണ്ട് ടേമായി മമതാ ബാനർജിയുടെ തൃണമൂലും ഭരിക്കുന്ന പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്ത അതിപുരാതന കാലത്തെ, പ്രാചീനമായ ഒരു നഗരം പോലെ ഇന്നും പഴമയുടെ മുഖാവരണമണിഞ്ഞ് നിൽക്കുന്നു." കൽക്കട്ടാ തെരുവീഥികളിൽ കാലുകുത്താനിടമില്ല. കാക്കക്കൂട്ടം പോലെ അലഞ്ഞ് ജനക്കൂട്ടം." എന്ന് കഥാപ്രസംഗത്തിൽ വി.സാംബശിവൻ പാടിയതുപോലെ ഇന്നും കൊൽക്കത്ത ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു. വികസനരഹിതമായ കൊൽക്കത്തയുടെ ഈ ഭൂമികയിലൂടെ വേണം ബംഗാളിൽ ഇക്കുറി നടക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തെ നോക്കിക്കാണാൻ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർലമെന്റ് സീറ്റുകളുള്ള മൂന്നാമത്തെ സംസ്ഥാനമായ പശ്ചിമബംഗാൾ ഇക്കുറി ആർക്കൊപ്പം നിൽക്കും? 42 ലോക്സഭാ സീറ്റുകളിൽ 2014 ലെ സ്ഥിതിയനുസരിച്ച് 34 സീറ്റുകൾ തൃണമൂലിനും,നാല് സീറ്റ് കോൺഗ്രസിനും രണ്ട് സീറ്റുകൾ വീതം സി.പി.എമ്മിനും ബി.ജെ.പിക്കും ലഭിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി പദം മോഹിക്കുന്ന മമതാ ബാനർജിയെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവൻമരണ പോരാട്ടമാണ്. ദേശീയ രാഷ്ട്രീയത്തിലെ വിലപേശലിന് , ലഭിക്കുന്ന ലോക് സഭാ സീറ്റുകളുടെ എണ്ണമാണ് പ്രധാനമെന്ന് മറ്റാരും പറയാതെ മമതയ്ക്കറിയാം. മോദിയുടെ ബി.ജെ.പിയേയും മോദിയെ താഴെയിറക്കാനായി പോരാടുന്ന കോൺഗ്രസിനെയും സി.പി.എമ്മിനെയും ഒരുപോലെ നേരിടുകയാണ് അവർ.
"ഇക്കുറി മത്സരം തൃണമൂലും ബി.ജെ.പിയും തമ്മിലാണ്. കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽത്തന്നെ അത് പ്രകടമായിക്കഴിഞ്ഞിരുന്നു. മൂന്നും നാലും സ്ഥാനങ്ങൾക്കു വേണ്ടിയുള്ള മത്സരമായിരിക്കും കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ളത്."- വർഷങ്ങളായി കൊൽക്കത്തയിൽ സ്ഥിരതാമസമാക്കിയ ചലച്ചിത്രകാരനും ചരിത്രകാരനുമായ ജോഷി ജോസഫ് കേരളകൗമുദിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ബംഗാളിൽ ഉടനെയെങ്ങും സി.പി.എമ്മിന് ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് കരുതുന്നില്ല. ബ്രിഗേഡ് ഗ്രൗണ്ടിൽ ഏകദേശം പത്തുലക്ഷത്തോളം പേർ പങ്കെടുത്ത ശക്തി പ്രകടനം സി.പി.എം ഈയിടെ നടത്തിയിരുന്നു. എന്നാൽ അതെല്ലാം വോട്ടായി മാറാനുള്ള സാദ്ധ്യത വിരളമാണെന്നാണ് ജോഷി പറയുന്നത്. സി.പി.എമ്മിന്റെ ബംഗാളിലെ നേതൃത്വത്തിന് ഒരു മുഖമില്ല. ജ്യോതിബാസുവിനെപ്പോലെ ഒരു ജനകീയ മുഖം. മുഹമ്മദ് സലീമിനെപ്പോലെ ജനഹൃദയങ്ങളിലേക്ക് കടന്നുകയറാൻ കഴിയുന്ന ഒരു നേതാവ് സി.പി.എമ്മിനുണ്ട്. പക്ഷേ അദ്ദേഹത്തെ ഒരു മുസ്ലിം ഫെയിസായി മാത്രമേ സി.പി.എം നിലനിറുത്തുന്നുള്ളുവെന്നാണ് ജോഷിയുടെ വിമർശനം. പാർട്ടി മാത്രമല്ല ക്ഷീണിച്ചത് നേതൃത്വവും ക്ഷീണിതരാണ്. വർഗസമരത്തിന്റെ കാലഘട്ടത്തിൽ പാർട്ടി തലപ്പത്ത് ഇരിക്കുന്നവരുടെ ജാതിയെക്കുറിച്ച് പാർട്ടി അണികൾ ചിന്തിച്ചിരുന്നില്ല. എന്നാൽ ബി.ജെ.പി വർഗീയ രാഷ്ട്രീയം അവതരിപ്പിക്കുമ്പോൾ പഴയ സഖാക്കൾ പാർട്ടി നേതൃത്വത്തിലിരിക്കുന്നവരിൽ ഭൂരിഭാഗവും സവർണരാണെന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും ജോഷി വിശദീകരിച്ചു. മമതയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർപോലും സി.പി.എമ്മിന് ഇപ്പോൾ അതിനുള്ള ശേഷിയില്ലെന്ന് തിരിച്ചറിയുന്നു. സി.പി.എം വിട്ട് തൃണമൂലിലേക്ക് പോയവർ അവിടെ നിന്ന് ബി.ജെ.പിയിലേക്കാണ് കൂടുമാറുന്നത്. മമതയ്ക്ക് തിരിച്ചടി കൊടുക്കാൻ ബി.ജെ.പിക്കേ കഴിയുകയുള്ളുവെന്ന് അവർ താത്കാലികമായിട്ടെങ്കിലും കരുതുന്നു. അങ്ങനെ ചെയ്തശേഷം പിന്നീട് സി.പി.എമ്മിനെ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് പഴയ സി.പി.എം അണികൾ കരുതുന്നതത്രെ. എത്ര വിരോധാഭാസം.
ബംഗാളിൽ നിന്ന് 22 ലോക്സഭാ സീറ്റുകളാണ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ ടാർജറ്റ്. അത്രയും ലഭിച്ചില്ലെങ്കിലും ബി.ജെ.പി നല്ല മുന്നേറ്റമുണ്ടാക്കുമെന്നാണ് കൊൽക്കത്തയിലെ പത്രപ്രവർത്തകനായ പ്രബാഷ് മുഖോപാദ്ധ്യായ പറയുന്നത്. അഴിമതി, വികസനമില്ലായ്മ, ന്യൂനപക്ഷ പ്രീണനം ഇതൊക്കെയാണ് ബി.ജെ.പിയുടെ പ്രചാരണായുധങ്ങൾ. എന്നാൽ സി.പി.എമ്മിനെപ്പോലെ ശക്തനായ നേതാവിന്റെ അഭാവം ബി.ജെ.പിക്കും പ്രശ്നമാണ്. തൃണമൂൽ വിട്ട് ബി.ജെ.പിയിലേക്ക് വന്ന മുകുൾ റോയിയാണ് പ്രധാന പ്രചാരകരിലൊരാൾ. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പിന്റെ വിശദാംശങ്ങൾ എല്ലാം അറിയാവുന്നയാൾ. എന്നാൽ റോയി ദീദിയെ (മമത) ചതിച്ചിട്ട് വന്നുവെന്ന ചിന്ത ബംഗാളികൾ പുലർത്തുന്നുണ്ട്. കുടിയേറ്റ മേഖലകളിലും മറ്റും വർഗീയ കാർഡ് ഇറക്കുന്നതിൽ ബി.ജെ.പി സമർത്ഥമായി വിജയിച്ചുവെന്ന് പ്രബോഷ് പറഞ്ഞു.
ഇതൊക്കെയാണെങ്കിലും മമതാ ബാനർജിയെന്ന നേതാവ് ബംഗാളികളുടെ മനസിൽ ഇന്നും ശക്തമായ പ്രതിച്ഛായയോടെ നിൽക്കുന്നുണ്ട്. ബംഗാൾ ഇന്ന് ചെയ്യുന്നത് രാജ്യം നാളെ നടപ്പിലാക്കുന്നുവെന്നാണ് മമത പറയുന്നത്. മൂന്നരപ്പതിറ്റാണ്ട് കാലം സി.പി.എം. ആലോചിക്കാതിരുന്ന പലകാര്യങ്ങളും മമത ഫലപ്രദമായി നടപ്പിലാക്കി. ഒരു ചെറിയ ഉദാഹരണം. സി.പി.എം ഭരിക്കുമ്പോൾ ഉരുളക്കിഴങ്ങ് വിളയുന്ന സീസണിൽ സ്വകാര്യ ഗോഡൗണുകൾക്കു മുന്നിൽ കാളവണ്ടികളുടെ നീണ്ട ക്യൂ കാണാം. ഉരുളക്കിഴങ്ങ് സൂക്ഷിച്ചു വയ്ക്കാൻ വേണ്ടിയുള്ള ക്യൂവാണ്. പണം നൽകി രസീത് വാങ്ങി മടങ്ങുന്ന കർഷകൻ ഇത് തിരികെ വാങ്ങാൻ ചെല്ലുമ്പോൾ ഗോഡൗണുകാർ വെട്ടിക്കും. ചീത്തയായിപ്പോയിയെന്ന് പറഞ്ഞ് നൽകിയ അളവിലും കുറച്ചേ തിരികെ നൽകുകയുള്ളു. മമത അധികാരത്തിൽ വന്നയുടൻ സർക്കാർ ഉടമസ്ഥതയിൽ ഗോഡൗണുകൾ പണിത് ആ പ്രശ്നം പരിഹരിച്ചു. വിവാഹിതരാകുന്ന പെൺകുട്ടികൾക്ക് സർക്കാർ ധനസഹായം നൽകി.ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി. കുളങ്ങളും തടാകങ്ങളും വൃത്തിയാക്കി. അങ്ങനെ ഒട്ടേറെ വികസന പരിപാടികൾ നടപ്പിലാക്കി. മമത നടപ്പിലാക്കിയ കാര്യങ്ങൾ കണ്ടപ്പോഴാണ് തങ്ങൾക്കും ഇങ്ങനെയൊക്കെ ചെയ്യാമായിരുന്നുവെന്ന് സി.പി.എം.സഖാക്കൾ തിരിച്ചറിഞ്ഞത്. മാത്രമല്ല മോദിയെ നേരിടാൻ ശക്തയായ നേതാവാണ് താനെന്ന് , ഏറെ വിമർശനം നേരിടേണ്ടി വന്നുവെങ്കിലും സി.ബി.ഐയുടെ നേരെ നടത്തിയ നാടകത്തിലൂടെ മമത തെളിയിച്ചിരുന്നു. മിടുക്കരായ ഉദ്യോഗസ്ഥരുടെ സംഘം മമതയ്ക്ക് ചുറ്റുമുണ്ട്. അവർ പറയുന്ന നല്ലകാര്യങ്ങൾ നടപ്പിലാക്കാൻ മമതയ്ക്ക് ആരോടും ചോദിക്കേണ്ടതില്ല. പാർട്ടിയെന്ന സംഘടനാ സംവിധാനം തൃണമൂലിനെ സംബന്ധിച്ചിടത്തോളം ശുഷ്ക്കമാണ്. ഒരർത്ഥത്തിൽ മമതയുടെ ഗുണവും ദോഷവും അതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മമത അനഭിമതയാകുന്നതോടെ തൃണമൂലിന്റെ കാലവും കഴിയും.
ചിരപുരാതന വൈരിയായ കോൺഗ്രസുമായി സീറ്റുധാരണയെന്ന സ്ഥിതിയിലേക്ക് സി.പി.എമ്മിന് ബംഗാളിൽ ചിന്തിക്കേണ്ടി വന്നു. സീതാറാം യെച്ചൂരിയും രാഹുൽഗാന്ധിയും കിണഞ്ഞു ശ്രമിച്ചെങ്കിലും ആ ധാരണപോലും പ്രതീക്ഷിച്ച നിലയിൽ എത്തിയതുമില്ല. ഒന്നോ രണ്ടോ സീറ്റുകളിൽ പരസ്പരം മത്സരിക്കാതിരിക്കുക എന്നതു മാത്രമാണ് ഒടുവിലത്തെ നിലപാട്. മത്സരിക്കുന്ന സീറ്റുകളിൽ വിജയസാദ്ധ്യതയനുസരിച്ച് സഹായിക്കാമെന്ന് വാക്കാൽ ധാരണയുമുണ്ട്. സി.പി.എമ്മിന്റെ കൊമ്പ് ഇനിയും ഒടിഞ്ഞിട്ടില്ലെന്നാണ് ധാരണ പ്രതീക്ഷിച്ചപോലെ വിജയകരമാകാതിരുന്നതിനെക്കുറിച്ച് ബംഗാളിലെ കോൺഗ്രസ് നേതാവ് സോമൻ മിത്ര പ്രതികരിച്ചത്.
ബംഗാൾ പിടിക്കുകയെന്ന ലക്ഷ്യത്തിന്റെ സെമിഫൈനലായിട്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ ബി.ജെ.പി കാണുന്നത്. എന്നാൽ മുന്നേറ്റമുണ്ടാക്കിയാലും മമതയെ മറികടക്കാൻ ഇക്കുറി അവർക്ക് കഴിയുമെന്ന് തോന്നുന്നില്ല. അഞ്ച് ഘട്ടങ്ങളായിട്ടാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 17,24,30 മേയ് 7,12 തീയതികളിലായി.