തിരുവനന്തപുരം: കള്ളൻമാരെ ഭയന്ന് ആക്രി സാധനങ്ങളുടെ കൂട്ടത്തിൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ച വീട്ടമ്മയ്ക്ക് കിട്ടയത് എട്ടിന്റെ പണി. ആക്രിവിലയ്ക്ക് ലഭിച്ച ലക്ഷങ്ങളുടെ സ്വർണം വിറ്റഴിക്കാനുള്ള ശ്രമത്തിനിടെ തമിഴ്നാട്ടുകാരനായ ആക്രിക്കാരനും കുടുങ്ങി. നേമം കാരയ്ക്കാമണ്ഡപം സ്വദേശിയായ വീട്ടമ്മയ്ക്കാണ് അബദ്ധം പറ്റിയത്.
മോഷ്ടാക്കളെ ഭയന്ന് തന്റെയും കുട്ടികളുടെയുമുൾപ്പെടെ പതിനേഴര പവനോളം വരുന്ന ആഭരണങ്ങൾ പഴയ നോട്ടുബുക്കുകളും മറ്റും സൂക്ഷിക്കുന്ന കവറുകളിലൊന്നിൽ കർച്ചീഫിൽ പൊതിഞ്ഞ് വീടിന്റെ വർക്ക് ഏരിയയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം രാവിലെ പകൽ ആക്രി ശേഖരിക്കാനെത്തിയ തിരുനെൽവേലി സ്വദേശി സുബ്രഹ്മണ്യന് ആക്രിസാധനങ്ങളുടെ കൂട്ടത്തിൽ പഴയ നോട്ട് ബുക്കുകളും ഇവർ കൈമാറി.
ആക്രിസാധനങ്ങൾ വിലയ്ക്കെടുത്ത് കച്ചവടക്കാരൻ മടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് നോട്ടുബുക്കുകളുടെ കൂട്ടത്തിൽ സൂക്ഷിച്ച ആഭരണങ്ങളുടെ കാര്യം വീട്ടമ്മ ഓർത്തത്. പെട്ടെന്ന് വിവരം പൊലീസിനെ അറിയിച്ചു. നേമം പൊലീസെത്തി സമീപത്തെ വീടുകളിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആക്രിക്കാരനെ തിരിച്ചറിഞ്ഞ് അട്ടക്കുളങ്ങരയിൽ നിന്ന് കണ്ടെത്തിയെങ്കിലും നോട്ടുബുക്ക് ശേഖരത്തിൽ ആഭരണങ്ങളുണ്ടായിരുന്നില്ല.
ആഭരണം സൂക്ഷിച്ചിരുന്ന കർച്ചീഫ് തുറന്ന നിലയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെ മാലയും വളയും ബ്രേസ്‌ലറ്റുകളുമുൾപ്പെടെയുള്ള ആഭരണങ്ങൾ കണ്ടെത്തി. നേമം സി.ഐ സാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തു.