modi

ന്യൂഡൽഹി: ബലാകോട്ട് സൈനിക ആക്രമണത്തെ പരാമർശിച്ച് പ്രതിപക്ഷത്തിന് രൂക്ഷവിമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബലാകോട്ടിൽ ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ പാകിസ്ഥാൻ ഇനിയും എണ്ണി തീർന്നിട്ടില്ല. എന്നാൽ ഇവിടെ പ്രതിപക്ഷത്തിന് വേണ്ടത് അതിന് തെളിവുകളാണെന്നും അദ്ദേഹം പരിഹസിച്ചു.

'പാകിസ്ഥാൻ ഇതുവരെ ബലാകോട്ടിലെ ഭീകരരുടെ മൃതദേഹങ്ങൾ എണ്ണി തീർന്നിട്ടില്ല, എന്നാൽ ഇവിടെ പ്രതിപക്ഷത്തിന് വേണ്ടതാകട്ടെ തെളിവും'- മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഡീഷയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു മോദിയുടെ പരാമർശം. 'ഒരു മാസത്തോളമാകുന്നു. അവർ (പാകിസ്ഥാൻ) ഇതുവരെയും ഭീകരരുടെ മൃതദേഹങ്ങൾ എണ്ണി തീർന്നിട്ടില്ല. എന്നാൽ ഇവിടുള്ളവർ അതിന്റെയൊക്കെ തെളിവു ചോദിക്കുകയാണ്'.

കഴിഞ്ഞ ദിവസം നടത്തിയ മിഷൻ ശക്തിയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമർശനത്തിനും മോദി മറുപടി നൽകി. 'ബഹിരാകാശത്ത് പോലും നമ്മൾ ഇന്ന് കാവൽക്കാരായി മാറിയിരിക്കുന്നു. ലോകരാജ്യങ്ങൾ ഇന്ത്യയെ വീക്ഷിക്കുകയാണ്. എന്നാൽ ഇവിടെ ചില ആളുകൾ ആ നേട്ടത്തെ പരിഹസിക്കുക മാത്രമാണ് ചെയ്യുന്നത്. നേട്ടങ്ങളെയെല്ലാം ചോദ്യം ചെയ്യുകയും, വിമർശിക്കുകയും മാത്രമാണ് അത്തരക്കാരുടെ ജോലി'- മോദി പറഞ്ഞു.