rahul-gandhi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ നിന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ പകരം സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തിയേക്കുമെന്ന് സൂചന. ഏതാണ്ടെല്ലാ സീറ്റിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും വയനാട് മാത്രം ഒഴിച്ചിട്ടിരിക്കുന്നത് ഇത്തരമൊരു സാധ്യത കൂടി പരിഗണിക്കാനാണെന്നാണ് റിപ്പോർട്ട്. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ചില മലയാളി നേതാക്കന്മാർ ഇക്കാര്യം ഹൈക്കമാൻഡിന് മുന്നിൽ വച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന സാഹചര്യമുണ്ടായാൽ കോൺഗ്രസിന് വേണ്ടി രാഹുലോ പ്രിയങ്കയോ തന്നെ രംഗത്തിറങ്ങണമെന്നാണ് ഇവരുടെ ആവശ്യം. ഒരു പക്ഷേ ഇത് സംബന്ധിച്ച പ്രഖ്യാപനം അവസാന നിമിഷം മാത്രമേ ഉണ്ടാകൂ എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.

rahul-gandhi

രാഹുൽ വരുമെന്ന പ്രതീതിക്ക് ശേഷം ടി.സിദ്ധീഖ് മത്സരിച്ചാൽ തിരിച്ചടി

വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന പ്രതീതി ഉണ്ടാക്കിയ ശേഷം ഇനി പിന്മാറുകയും പകരം ടി.സിദ്ധീഖ് മത്സരിക്കുകയും ചെയ്‌താൽ അത് വൻ തിരിച്ചടിയാകമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ രാഹുൽ പിന്മാറിയാൽ പകരം ദേശീയ നേതൃത്വത്തിൽ പ്രബലനായ നേതാവ് തന്നെ വയനാട്ടിൽ എത്തണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. ഇത് പ്രിയങ്ക തന്നെയായാൽ നന്നായിരിക്കുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ദക്ഷിണേന്ത്യൻ കോൺഗ്രസ് തരംഗം

രാഹുൽ മത്സരിച്ചെങ്കിൽ ദക്ഷിണേന്ത്യയിൽ ഉണ്ടാകുമായിരുന്ന കോൺഗ്രസ് അനുകൂല തരംഗം പ്രിയങ്കയിലൂടെ തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ കരുതുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള സാമ്യവും നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരിയെന്ന വിശേഷണവും വോട്ടായി മാറുമെന്നും ഇക്കൂട്ടർ പ്രതീക്ഷിക്കുന്നു.

rahul-gandhi

ഇടതുപാർട്ടികൾ എതിർത്തേക്കില്ല

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അറിഞ്ഞപ്പോൾ മുതൽ ഇടതുപക്ഷത്തിന് കനത്ത എതിർപ്പാണ്. എന്നാൽ പ്രിയങ്ക എത്തിയാൽ ഒരുപക്ഷേ ഇടതുപാർട്ടികൾ വലിയ രീതിയിലുള്ള എതിർപ്പ് പ്രകടിപ്പിച്ചേക്കില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്തായാലും വയനാട് സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.