നടുങ്ങിപ്പോയി... രാഹുലും ഉത്തമപാളയം മുരുകനും.
തൊട്ടുമുന്നിൽ കേട്ട നിലവിളിക്കൊപ്പം ശക്തമായി എന്തോ വാതിൽപ്പാളിയിൽ വന്നിടിച്ചു.
''മുരുകാ.." രാഹുലിന്റെ പേടിച്ചരണ്ട ശബ്ദം ഇരുട്ടിൽ കേട്ടു.
ഉത്തമപാളയം മുരുകൻ മടവാൾ വലിച്ചെടുത്തു.
അപ്പോൾ അകത്തേക്കു തുറക്കപ്പെട്ട വാതിൽപ്പാളിക്കൊപ്പം ചാക്കുകെട്ടുകൾ പോലെ എന്തോ അവരുടെ കാൽക്കൽ വന്നു വീണു...
''തലൈവരേ..."
കാൽച്ചുവട്ടിൽ നിന്നു ഞരക്കം. ഞെട്ടലോടെ മുരുകൻ തിരിച്ചറിഞ്ഞു, അവിടെ വന്നുവീണത് തന്റെ ആളുകളാണ്!
ഇടം കൈകൊണ്ട് മുരുകൻ, രാഹുലിനെ തന്റെ പിന്നിലേക്കു മാറ്റി. പിന്നെ തല അല്പം നീട്ടി പുറത്തേക്കു നോക്കി.
അവിടെ ആരുമില്ല!
തെങ്ങോലകൾ പോലും ഇപ്പോൾ ചലിക്കുന്നില്ല...
''സാറിവിടെ നിൽക്ക്." രാഹുലിനോട് അടക്കത്തിൽ പറഞ്ഞുകൊണ്ട് മുരുകൻ മടവാൾ നീട്ടിപ്പിടിച്ച് പുറത്തേക്കു കാൽ വച്ചു.
തറയിൽ കിടന്നവർ വല്ല വിധേനയും എഴുന്നേറ്റു.
രണ്ടു മൂന്നടി മുന്നോട്ടു നീങ്ങി മുരുകൻ. പിന്നെ ചുറ്റുപാടും കണ്ണുകൾകൊണ്ട് ഉഴിഞ്ഞു.
ഇല്ല... സംശയകരമായി ഒന്നുമില്ല.
ഇനി കെട്ടിടത്തിനു പിന്നിൽ ആരെങ്കിലും മറഞ്ഞു നിൽപ്പുണ്ടോ?
''ഞാൻ പറയാതെ ആരും പുറത്തേക്കിറങ്ങരുത്."
അകത്തേക്കു തിരിഞ്ഞു പറഞ്ഞിട്ട് മുരുകൻ വലതു ഭാഗത്തുകൂടി കെട്ടിടത്തിനു പുറകിലേക്കു നടന്നു.
അടുത്ത നിമിഷം...
തൊട്ടു മുന്നിൽ ചില ഇരുൾ കട്ടകൾ..
മുരുകന് മടവാൾ വീശാനുള്ള നേരം കിട്ടിയില്ല...
മിന്നൽ വേഗത്തിൽ ഒരു കാൽ ഉയർന്നു വന്നു. കൃത്യം മുരുകന്റെ കാലുകൾക്കിടയിൽ....
''അ...." അയാൾക്ക് വാ തുറക്കാനുള്ള നേരം കിട്ടിയില്ല.
പിന്നിൽ നിന്ന് ഒരു കയർ കഴുത്തിൽ ചുറ്റിവീണു. ഇരുവശത്തുനിന്നും രണ്ട് ഇരുണ്ട രൂപങ്ങൾ കയറിന്റെ അഗ്രങ്ങളിൽ പിടിച്ചുവലിച്ചു.
മുരുകന്റെ കയ്യിൽ നിന്നു വടവാൾ വഴുതി വീണു. അയാളുടെ വാ തുറക്കപ്പെട്ടു....
കൈകാലടിച്ച് മുരുകൻ പിടഞ്ഞു...
എസ്.ഐ വിജയ കുനിഞ്ഞ് മടവാൾ എടുത്തു.
വെളിയിൽ ചാവുമൃഗത്തിന്റേതു പോലെയുള്ള പിടച്ചിൽ രാഹുലും മറ്റും കേട്ടു.
അവൻ അരയിൽ നിന്ന് പിസ്റ്റൾ വലിച്ചെടുത്തു. തുടർന്ന് ശബ്ദം താഴ്ത്തി വിളിച്ചു.
''മുരുകാ..."
മറുപടിയില്ല. നേരത്തെ കേട്ട പിടച്ചിലുമില്ല.... എന്നാൽ തൊട്ടടുത്ത സെക്കന്റിൽ പുഞ്ചപ്പാടത്തെ വെള്ളത്തിൽ എന്തോ പതിക്കുന്ന ശബ്ദം.
രാഹുലിനു ശ്വാസം വിലങ്ങി.
തങ്ങളെ ശത്രുക്കൾ വലയം ചെയ്തിരിക്കുകയാണ് എന്നൊരു തോന്നൽ... അവൻ സമീപത്ത് നിന്നിരുന്ന മൂന്നുപേരോടും കൽപ്പിച്ചു:
''കാത്തുനിൽക്കാൻ സമയമില്ല. നിങ്ങൾ വേഗം ഇറങ്ങിനോക്ക്. മുന്നിൽ ഒരു നിഴൽ കണ്ടാൽ പോലും വെട്ടിയേര്..."
കരുതലോടെ, ആയുധങ്ങളുമായി മൂന്നുപേരും പുറത്തിറങ്ങി.
''തലൈവരേ.."
ഒരാൾ വിളിച്ചു.
കെട്ടിടത്തിനരുകിൽ നിന്ന് ഒരു മൂളൽ കേട്ടു.
അവർ അങ്ങോട്ടു ചെന്നു.
ഒരാൾ തറയിൽ കിടക്കുന്നു!
''തലൈവരേ.." അവർ അയാൾക്ക് അരുകിലേക്ക് കുനിഞ്ഞു.
ആ ക്ഷണം പിന്നിൽ നിന്ന് എന്തോ ദണ്ഡുകൊണ്ട് ശിരസ്സിൽ അടിയേറ്റു.
''ആ..." അവരുടെ അലർച്ചയും ഒപ്പം തുരുതുരെ അടിവീഴുന്ന ഒച്ചയും ....
രാഹുൽ വിറയ്ക്കാൻ തുടങ്ങി.
തറയിൽ കിടന്നിരുന്ന എസ്.ഐ ജയിംസ് എഴുന്നേറ്റപ്പോഴേക്കും പിങ്ക് പോലീസ് സംഘം മൂന്നുപേരെയും അടിച്ച് പതം വരുത്തിയിരുന്നു...
ആ ഗുണ്ടകളെയും അവർ പുഞ്ചപ്പാടത്തേക്കു വലിച്ചെറിഞ്ഞു.
''ഇനി എലിയെ മാളത്തിൽ നിന്ന് പുറത്തേക്കു ചാടിക്കുന്ന വിദ്യ." വിജയ പിറുപിറുത്തു.
അവർ ഏഴുപേരും വാതിൽക്കലേക്കു നീങ്ങി. എന്നാൽ അത് അകത്തുനിന്ന് അടച്ച് ഓടാമ്പലിട്ട സ്ഥിതിയിലായിരുന്നു.
''മൂന്നുപേർ ഇവിടെ നിൽക്കണം. നാലുപേർ പിറകിലേക്കു പോകണം. അവിടുത്തെ വാതിൽ ചവുട്ടിപ്പൊളിക്കണം. അപ്പോൾ അവന്റെ ശ്രദ്ധ അവിടേക്കാവും. ആ സമയം മുന്നിൽ നിൽക്കുന്നവർ ഈ വാതിലും പൊളിക്കണം."
വിജയ നിർദ്ദേശിച്ചു.
ജെയിംസും അമലയും വിജയയ്ക്ക് ഒപ്പം നിന്നു.
സുമവും ശാന്തിനിയും നിർമ്മലയും വിജയമ്മയും പിറകിലേക്കും പോയി.
അകത്തെ ഇരുട്ടിൽ രാഹുൽ പകച്ചുനിന്നു.
പൊടുന്നനെ പിന്നിലെ വാതിൽ തകർന്നുവീഴുന്നതു കേട്ടു.
രാഹുൽ മുന്നോട്ടു കുതിച്ചു.
മുന്നിലെ വാതിലിന്റെ ബോൾട്ടു നീക്കി. പിസ്റ്റളും ചൂണ്ടിക്കൊണ്ട് പുറത്തേക്കു ചാടുന്നതിനിടയിൽ അട്ടഹസിച്ചു:
''എടീ വിജയേ.. ഇന്ന് നിന്റെ അന്ത്യമാടീ..."
പൂർത്തിയാക്കും മുൻപ് വാതിലിലിനോടു ചേർന്നു നിന്നിരുന്ന വിജയ, മുരുകന്റെ മടവാൾ വീശി വെട്ടി.
രാഹുലിന്റെ പിസ്റ്റളും അതുപിടിച്ച കൈയും ഉൾപ്പെടെ തറയിൽ വീണു.
(തുടരും)