തൊടുപുഴ: ഇടുക്കിയിൽ എഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് കൊലക്കേസ് പ്രതിയാണെന്ന് റിപ്പോർട്ട്. 2008 - ൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസിലെ പ്രതിയാണ് അരുൺ ആനന്ദെന്നാണ് പുറത്തുവരുന്ന വിവരം. ഏകദേശം നാലോളം കേസുകളിൽ പ്രതിയായ അരുൺ തിരുവനന്തപുരം നന്തൻ കോട് സ്വദേശിയാണ്.
ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി വിജയരാഘവനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്. കൊലപാതകം, ഭീഷണിപ്പെടുത്തൽ, പണം തട്ടൽ എന്നിവയാണ് ഇയാൾക്കെതിരെയുള്ള മറ്റ് കേസുകൾ. 2008 - ലാണ് അരുൺ ആനന്ദിനെതിരെ ചുമത്തിയ വധക്കേസിന് ആസ്പദമായ സംഭവം. ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതിൽ മുഖ്യപ്രതികളിലൊരാളാണിയാൾ. മറ്റൊരു കേസ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു എന്നതാണ്. മറ്റ് രണ്ട് കേസുകളും ഭീഷണിപ്പെടുത്തി എന്നത് തന്നെ. സ്ഥിരം കുറ്റവാളിയും അക്രമവാസനയുമുള്ളയാളാണ് അരുൺ ആനന്ദെന്ന് തെളിയിക്കുന്നതാണ് ഈ കേസുകളെല്ലാം.
അതേസമയം, മർദ്ദനത്തിൽ തലയോട്ടി പൊട്ടിയ കുട്ടി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലാണ്. ആക്രമണത്തിൽ നാലുവയസ്സുകാരനായ ഇളയ സഹോദരന്റെ പല്ലു തകർന്നിരുന്നു. തലയോട്ടി തകർന്ന് രക്തസ്രാവമുള്ളതിനാലാണു അടിയന്തിര ശസ്ത്രക്രിയ നടത്തിയതെന്നും നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 7 വയസുള്ള കുട്ടിയുടെ മുഖത്തും ശരീരത്തും മർദനമേറ്റ പാടുകളുണ്ട്. ഇളയ കുട്ടിയെ തൊടുപുഴയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ കാലുകളിൽ അടിയേറ്റ പാടുകളുണ്ട്.
ഇതിനിടെ ഏഴ് വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉൾപ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കുമെന്ന് അരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്. ചികിത്സയിലുള്ള കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായി മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു.