rajagopal

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ ശരവണ ഭവൻ ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം തടവ്‌ ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ഹോട്ടൽ ജീവനക്കാരനായിരുന്ന ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ജൂലൈ ഏഴിന് മുൻപ് കീഴടങ്ങണമെന്ന് രാജഗോപാലിനോട് കോടതി ആവശ്യപ്പെട്ടു.

നേരത്തേ മദ്രാസ് ഹൈക്കോടതിയും രാജഗോപാലിന് ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. തുടർന്ന് 2009ൽ രാജഗോപാൽ കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയുമായിരുന്നു. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കുന്നതിനായി രാജഗോപാൽ ഇയാളെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചിരുന്നു.

ശരവണഭവന്റെ ചെന്നൈ ശാഖയിൽ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തിയുടെ മകൾ ജീവജ്യോതിയെ വിവാഹം കഴിക്കാൻ രാജഗോപാൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജഗോപാലിന് രണ്ടു ഭാര്യമാരുള്ളതിനാൽ ഇയാളെ വിവാഹം കഴിക്കാൻ ജീവജ്യോതി വിസമ്മതിക്കുയും 1999ൽ ഇവർ ശാന്തകുമാറിനെ വിവാഹം കഴിച്ചു. എന്നാൽ ഇവരെ വെറുതെ വിടാൻ രാജഗോപാൽ തയ്യാറായിരുന്നില്ല.

വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ ഇരുവരെയും ഭീഷണിപ്പെടുത്തിയിരുന്നു. നിരന്തര ഭീഷണിയെ തുടർന്ന് 2001ൽ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ രണ്ടു ദിവസത്തിനുള്ളിൽ ശാന്തകുമാറിനെ ചിലർ ചേർന്ന് തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ശാന്തകുമാറിന്റെ മൃതദേഹം കൊടൈക്കനാലിലെ പെരുമാൾ മലയിലെ വനത്തിനുള്ളിൽ മറവുചെയ്യുകയായിരുന്നു.

ഇന്ത്യയിൽ മാത്രം 25ശാഖകളുള്ള ശരവണഭവന് റെസ്റ്റോ‌റന്റിന് യു.എസ്,​ യു.കെ,​ ഫ്രാൻസ്,​ ഓസ്ട്രേലിയ അടക്കം 20 രാജ്യങ്ങളിലും സ്താപനങ്ങളുണ്ട്.