കോട്ടയം: തൊടുപുഴയിൽ ഏഴു വയസുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ചത് ഇളയകുട്ടി സോഫയിൽ മൂത്രമൊഴിച്ചതിന്റെ പേരിലെന്ന് പൊലീസ്. പുലർച്ചെ രണ്ട് മണിയോടെ കുട്ടിയെ ചവിട്ടിവീഴ്‌ത്തിയ ശേഷം കുട്ടിയെ എടുത്തെറിഞ്ഞു. ഷെൽഫിൽ തലയിടിച്ച് വീണ കുട്ടിയെ വീണ്ടും എടുത്തെറിഞ്ഞെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുണിനെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള അരുണിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. അതേസമയം, കുട്ടിയുടെ അമ്മയ്‌ക്കും ക്രൂരമർദ്ദനം ഏറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി വീണ്ടും മർദ്ദിക്കുമോ എന്ന ഭയത്താലാണ് ഇവർ സംഭവം പുറത്തുപറയാത്തതെന്നും പൊലീസ് വിശദീകരിക്കുന്നു.
അതേസമയം,കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശി ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തടരുന്നു. ഇന്നലെ കുട്ടിയുടെ തലയോട്ടി തുറന്ന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ അതി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിലാണ്. 48 മണിക്കൂറിനു ശേഷമേ കുട്ടിയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് എന്തെങ്കിലും പറയാൻ കഴിയൂ എന്നും മരുന്നുകളോട് കുട്ടി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെയാണ് കുട്ടിയെ തലയോട്ടി പൊട്ടിയ നിലയിൽ കോലഞ്ചേരി ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതരോട് കട്ടിലിൽ നിന്നു വീണ് പരിക്കേറ്റുവെന്നാണ് അറിയിച്ചത്. എന്നാൽ ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ ശരീരത്തിലാകമാനം മർദ്ദനമേറ്റ പാടുകൾ കണ്ടതോടെയാണ് ചൈൽഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് കുട്ടി ക്രൂര മർദ്ദനത്തിനിരയായെന്ന വിവരം ലഭിച്ചത്. നാലു വയസുകാരനായ ഇളയ കുട്ടിയോട് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ചോദിച്ചപ്പോഴാണ് ജ്യേഷ്ഠന് ക്രൂര മർദ്ദനമേറ്റ വിവരം പുറത്തു വന്നത്. കുട്ടികളുടെ പിതാവ് മരിച്ചതിനെ തുടർന്ന് അമ്മ തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പമാണ് വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്.