ന്യൂഡൽഹി: കൃത്രിമ ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്നും തകർക്കാൻ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈൽ ഇന്ത്യ പരീക്ഷിച്ചത് അമേരിക്കൻ പ്രതിരോധ വകുപ്പ് ലൈവായി നിരീക്ഷിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. അമേരിക്കൻ വ്യോമസേനയുടെ ചാരവിമാനം ഉപയോഗിച്ചാണ് ഇന്ത്യയുടെ മിഷൻ ശക്തി ദൗത്യം ട്രാക്ക് ചെയ്‌തത്. ഇതിന്റെ തെളിവുകളും അമേരിക്കൻ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാഷ്‌ട്രത്തോട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം അമേരിക്കൻ വ്യോമസേന കണ്ടെത്തിയിരുന്നതായും പറയുന്നു.
ലോകത്ത് എവിടെ നിന്നും മിസൈലുകൾ തൊടുത്താൽ സെക്കൻഡുകൾക്കുള്ളിൽ അവയെ കണ്ടെത്താൻ അമേരിക്കൻ പ്രതിരോധ വകുപ്പിന് നിലവിൽ സംവിധാനങ്ങളുണ്ട്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന റഡാറുകൾ, യുദ്ധവിമാനങ്ങൾ, പടക്കപ്പലുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഇവ സാധ്യമാക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയ്ക്ക് സമീപമുള്ള ദ്വീപായ ഡീഗോ ഗാർസിയയിൽ നിന്നും ബംഗാൾ ഉൾക്കടൽ ഭാഗത്തേക്ക് തിരിച്ച അമേരിക്കൻ വിമാനമാണ് ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിസൈലിന്റെ സാന്നിധ്യം മനസിലാക്കുന്നത്. ഉടൻ തന്നെ അമേരിക്കൻ വ്യോമസേനയുടെ മറ്റൊരു വിമാനവും ഈ മേഖലയിലേക്ക് തിരിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിൽ വച്ചാണ് ഇന്ത്യയുടെ മൈക്രോസാറ്റ് ആർ കൃത്രിമ ഉപഗ്രഹം വെടിവച്ചിടുന്നത് വരെ നിരീക്ഷണം തുടർന്നു. പരീക്ഷണത്തിന് ശേഷം ഉണ്ടായ 250ഓളം അവശിഷ്‌ടങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്കൻ വ്യോമസേന അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ ബോയിംഗ് നിർമിത ആർസി–135 നിരീക്ഷണ വിമാനം ഉപയോഗിച്ചാണ് യു.എസ് സൈന്യത്തിന്റെ നിരീക്ഷണമെന്നും എയർ ഫോഴ്സ് സ്‌പെയ്സ് കമാൻഡിന്റെ വൈസ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡേവിഡ് തോംസൺ വ്യക്തമാക്കി.