രോഗസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് താമസിക്കുന്നവർ, അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവയ്പുകൾ എടുക്കുന്നവർ, ദരിദ്രജനവിഭാഗങ്ങൾ, ആവശ്യത്തിന് വൈദ്യസേവനം ലഭിക്കാത്തവർ, ക്ഷയരോഗികളുമായി സമ്പർക്കമുള്ള കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യസേവന രംഗത്തുള്ളവർ എന്നിവരും രോഗം പിടിപെടുന്നതിന് ഉയർന്ന സാദ്ധ്യതയുള്ളവരാണ്.
നിലവിൽ രോഗമുള്ളവരിൽ നിന്നു മാത്രമേ ക്ഷയരോഗം പകരുന്നുള്ളൂ. അതായത്, രോഗാണുക്കൾ ശരീരത്തിൽ ഉണ്ടെങ്കിലും നിലവിൽ രോഗം ഇല്ലാത്തവരിൽ നിന്ന് രോഗം പകരുന്നില്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത, അന്തരീക്ഷത്തിലെത്തുന്ന രോഗകാരിയായ സ്രവകണങ്ങളുടെ എണ്ണം, വായുസഞ്ചാരം സമ്പർക്കമുള്ള കാലദൈർഘ്യം, രോഗാണുവിന്റെ അതിജീവനശേഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
അതിനാൽ, നിലവിൽ രോഗമുള്ളയാളെ മറ്റുള്ളവരിൽ നിന്ന് മാറ്റിനിറുത്തി ഫലപ്രദമായ ചികിത്സ നൽകുന്നതിലൂടെ രോഗപകർച്ചയുടെ ശൃംഖലയ്ക്ക് തടയിടാം. ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകുന്നുവെങ്കിൽ രണ്ടാഴ്ച കൊണ്ട് സമ്പർക്കമുള്ളവർക്ക് രോഗം പകരാനുള്ള സാദ്ധ്യത അവസാനിക്കുന്നു.
കുത്തിവച്ചുള്ള പരിശോധന
കഫത്തിലോ പഴുപ്പിലോ ക്ഷയരോഗാണു ഉണ്ടോ എന്നു നോക്കിയാണ് ക്ഷയരോഗ നിർണയം നടത്തുന്നത്. ഇത് സാദ്ധ്യമാകാത്ത സാഹചര്യത്തിൽ എക്സ് - റേ അല്ലെങ്കിൽ സ്കാനിംഗ് പരിശോധനയിലൂടെയോ തൊലിക്കുള്ളിലേക്ക് ട്യൂബർക്കുലിൻ കുത്തിവച്ചുള്ള പരിശോധനയിലൂടെയോ രോഗനിർണയം നടത്തുന്നു. ഇതിനെ മാന്റോ പരിശോധന എന്നാണു പറയുന്നത്. കുത്തിവച്ച സ്ഥലത്ത് 48 മുതൽ 72 മണിക്കൂർ വരെയുള്ള പ്രതിപ്രവർത്തനങ്ങൾ നിരീക്ഷിച്ചാണ് രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നത്.
ക്ഷയരോഗ നിർണയത്തിലെ വൈഷമ്യമേറിയ ഘടകം ക്ഷയരോഗാണുവിന്റെ കൾച്ചർ [ബാക്ടീരിയയെ ലബോറട്ടറിയിൽ വളർത്തിയുള്ള പരിശോധന] പ്രയാസമുള്ളതാണ് എന്നതാണ്. ക്ഷയരോഗാണുവിന്റെ വളർച്ചാനിരക്ക് കുറവാണ് എന്നതാണ് ഇതിന് കാരണം.
കഫമോ രക്തമോ ഈ പരിശോധനയ്ക്ക് വിധേയമാക്കാൻ 4 - 12 ആഴ്ച സമയമെടുക്കും. പരിപൂർണമായ വൈദ്യപരിശോധനയിൽ രോഗവിവരണം, ക്ളിനിക്കൽ പരിശോധന, നെഞ്ചിന്റെ എക്സ്റേ, ലബോറട്ടറി പരിശോധന, കൾച്ചർ, തൊലിക്കുള്ളിലേക്ക് ട്യൂബർക്കുലിൻ കുത്തിവച്ചുള്ള പരിശോധന എന്നിവ ഉൾപ്പെടുന്നു. (തുടരും)
ഡോ. സോഫിയ സലിം മാലിക്
കൺസൽട്ടന്റ്
പൾമൊണൊളജിസ്റ്റ്
എസ്.യു.ടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
ഫോൺ: 0471 407 7777