കാലുകൾ വരിഞ്ഞുമുറുക്കി ഭംഗി കൂട്ടിയിരുന്നൊരു കാലം അങ്ങ് ചൈനയിലുണ്ടായിരുന്നു. സ്ത്രീകളുടെ പാദങ്ങൾ ഒതുങ്ങിയതും ചെറുതുമായിരിക്കണമെന്ന വിശ്വാസത്തിന്റെ പുറത്താണ് 'ഫൂട്ട് ബൈൻഡിംഗ്' എന്ന ആചാരം പ്രചരിച്ചിരുന്നത്. ഇത് പുരുഷന്റെ നിർബന്ധ ബുദ്ധിയായിരുന്നുവെന്നും പറയുന്നു.
കാലുകൾ ചെറുതാക്കാൻ രണ്ട് വയസിനും അഞ്ചിനുമിടയിൽ പ്രായത്തിലുള്ള പെൺകുട്ടികളിലാണ് ആചാരം നടപ്പാക്കിയിരുന്നത്. ഡിസംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലത്തായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. അസ്ഥികൾ ഒടിഞ്ഞ് മടങ്ങുന്ന വേദന കുട്ടികളെ ഏറെ അസ്വസ്ഥരാക്കിയിരുന്നു.
പച്ചമരുന്നുകളും മൃഗങ്ങളുടെ ചോരയും ചേർത്താണ് പാദത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണക്കിയിരുന്നത്. ആദ്യകാലത്ത് സോങ് സാമ്രാജ്യത്തിലെ കൊട്ടാരം നർത്തകിമാരിലാണ് ഫൂട്ട് ബൈൻഡിംഗ് പരീക്ഷിച്ചത്. ചെറിയ പാദങ്ങൾ സൗന്ദര്യത്തിന്റെ പ്രതീകമായി മാറിയതോടെ ഈ രീതി സമ്പന്ന കുടുംബങ്ങളിലേക്കും സാധാരണക്കാരിലേക്കും പടർന്നു.
സുവർണതാമര എന്ന് വിശേഷണം നൽകിയ പാദങ്ങൾ നല്ല ഭർത്താവിനെ ലഭിക്കാനുള്ള ഉപാധിയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഒടുവിൽ സ്ത്രീ പോരാളികൾ അതിനെതിരെ ശക്തമായ പ്രചാരണം നടത്തി. കമ്യൂണിസ്റ്റ് ഭരണകൂടം ഈ ആചാരത്തിന് നിരോധനമേർപ്പെടുത്തി.