rjd-

പാട്ന: ബീഹാറിൽ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യമായ മഹാഗഡ്ബന്ധൻ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 40 സീറ്രുകളിൽ 38ലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഷിയോഹർ, മധുബനി എന്നീ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. 19 സീറ്റിൽ ആർ.ജെ.ഡി, ഒമ്പത് സീറ്റിൽ കോൺഗ്രസ്, അഞ്ച് സീറ്റിൽ രാഷ്ട്രീയ ലോക്‌സമതാ പാർട്ടി, ഒരു സീറ്റ് സി.പി.ഐ (എം.എൽ) എന്നിങ്ങനെയാണ് സീറ്റ് ധാരണ.

അതേസമയം, സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്തമകൻ തേജ്പ്രതാപ് യാദവ് സരൺ മണ്ഡലത്തിൽനിന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കും. ഭാര്യാപിതാവ് ചന്ദ്രികാ റായിക്ക് സീറ്റ് നൽകിയതിനെത്തുടർന്നാണ് തേജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. പാർട്ടിക്കുള്ളിലെ അധികാരസ്ഥാനങ്ങളെ സംബന്ധിച്ച തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞദിവസം തേജ് പ്രതാപ് പാർട്ടിയുടെ വിദ്യാർത്ഥിസംഘടനയുടെ അദ്ധ്യക്ഷപദവി രാജിവച്ചിരുന്നു.

തേജസ്വി യാദവിന്റെ സഹോദരി മിസാ ഭാരതി പാടലീപുത്രയിൽ നിന്ന്​ ജനവിധി തേടും. കോൺഗ്രസിന് നൽകിയിരിക്കുന്ന പട്​നാസാഹേബ്​ സീറ്റിൽ ബി.ജെ.പി വിട്ട്​ കോൺഗ്രസിലെത്തിയ ശത്രുഘ്​നൻ സിൻഹ മത്സരിക്കുമെന്നാണ്​ സൂചന. ജെ.ഡി.യുവിൽ നിന്ന് പുറത്താക്കപ്പെട്ട എൽ.ജെ.ഡി നേതാവ് ശരത് യാദവ് മധേപുരയിൽനിന്ന് ജനവിധി തേടും. അഞ്ചുഘട്ടങ്ങളിലായാണ് ബീഹാറിൽ തിരഞ്ഞെടുപ്പ് നടക്കുക.