ഐ.പി.എല്ലിൽ വിവാദം ഒഴിയുന്നില്ല
ബംഗളൂരു: ഐ.പി.എൽ പന്ത്രണ്ടാം സീസണിൽ ആവേശത്തിനൊപ്പം വിവാദങ്ങളും കുതിച്ചുയരുന്നു. അശ്വിന്റെ മങ്കാഡിംഗിനും ഫീൽഡർമാരെ വിന്യസിച്ചതിലെ പിഴവിനും പിന്നാലെ കഴിഞ്ഞ ദിവസം മുംബയ് ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിന്റെ അവസാന പന്തിൽ ഉയർന്ന നോ ബാൾ വിവാദമാണ് ഇപ്പോൾ അരങ്ങു കൊഴുക്കുന്നത്. ആവേശം അവസാന പന്ത് വരെനീണ്ട മത്സരത്തിൽ മത്സരഫലം തന്നെ മാറ്റിയേക്കാമായിരുന്ന വിധത്തിൽ തങ്ങൾക്ക് അനുകൂലമായി കിട്ടേണ്ട നോബാൾ ആനുകൂല്യം അമ്പയർ അനുവദിക്കാത്തതിൽ കടുത്ത പ്രതിഷേധമായി ബാംഗ്ലൂർ ക്യാപ്ടൻ വിരാട് കൊഹ്‌ലി തന്നെ രംഗത്തെത്തി. മറ്റുള്ളവരും ഏറ്രുപിടിച്ചതോടെ വിവാദം കത്തിക്കയറുകയായിരുന്നു.
മത്സരത്തിൽ അവസാന ഓവറിൽ ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടത് 17 റൺസായിരുന്നു. ആദ്യ പന്തിൽതന്നെ സിക്സ് അടിച്ച് ശിവം ദുബെ ബാംഗ്ലൂരിന് പ്രതീക്ഷ നൽകി. എന്നാൽ തുടർന്നുള്ള നാല് പന്തുകളിൽ നിന്ന് നാല് റൺസെടുക്കാനെ ബാംഗ്ലൂരിനായുള്ളൂ. അവസാന പന്തിൽ ജയിക്കാൻ ബാംഗ്ലൂരിന് വേണ്ടത് 7 റൺസായിരുന്നു. ഈ ബാൾ എറിഞ്ഞപ്പോൾ മലിംഗയുടെ ഇടങ്കാൽ ക്രീസിന് പുറത്ത് പോയെങ്കിലും അമ്പയർ സുന്ദരം രവി ശ്രദ്ധിക്കാതിരുന്നതിനാൽ ബാംഗ്ലൂരിന് അനുകൂലമായി നോബാൾ കിട്ടാതെപോയി. ഇതാണ് വിവാദമായത്. നോബാൾ അനുവദിക്കപ്പെട്ടിരുന്നെങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന അധിക റൺസിലൂടെയും ബാളിലൂടെയും മത്സരം സ്വന്തമാക്കാനാകുമായിരുന്നുവെന്നാണ് ബാഗ്ലൂർ ആരാധകരുടെ പക്ഷം. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അമ്പയർമാരുടെ ഈ പിഴവിനെ വിമർശിച്ചുകൊണ്ട് കടുത്ത പ്രതിഷേധങ്ങളാണ് മുൻതാരങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നുണ്ടായത്.
പൊട്ടിത്തെറിച്ച് കൊഹ്‌ലി
മത്സര ശേഷം തങ്ങൾക്ക് നോബാൾ അനുവദിക്കാതിരുന്നതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കൊഹ്‌ലി സമ്മാനദാനച്ചടങ്ങിന് ശേഷം മാച്ച് റഫറിയുടെ മുറിയിലേക്ക് തള്ളിക്കയറി കടുത്ത ഭാഷയിൽ സംസാരിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.. തനിക്കെതിരെ നടപടി വന്നാലും കാര്യമാക്കുന്നില്ലെന്ന് കൊഹ്‌ലി പറഞ്ഞതായും സൂചനയുണ്ട്. ഇത് ഐ.പി.എല്ലാണെന്നും ക്ലബ് ക്രിക്കറ്റല്ലെന്നുമായിരുന്നു സമ്മാനദാനച്ചടങ്ങിൽ കൊഹ്‌ലിയുടെ പ്രതികരണം. അമ്പയർമാർ കണ്ണ്തുറന്ന് വേണം നിൽക്കാനെന്നും അവസാന പന്തിൽ നോബാൾ അനുവാദിക്കാതിരുന്നത് പരിഹാസ്യമായിപ്പോയെന്നും കൊഹ്‌ലി തുറന്നടിച്ചു. മത്സരത്തിന്റെ ഗതിതന്നെ മാറ്രുന്ന ഇത്തരം കാര്യങ്ങൾ അംഗീരിക്കാനാവില്ലെന്നും കൊഹ്‌ലി വ്യക്തമാക്കി.
അമ്പയർ തുടരും
മുംബയ് ഇന്ത്യൻസും റോയൽചലഞ്ചേഴ്സും തമ്മിലുള്ള മത്സരത്തിൽ നിർണായകമായ നോബാൾ കാണാതെ പോയ സുന്ദരം രവി ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കില്ല. അമ്പയർമാർ കുറവായതാണ് രവിക്ക് അനുഗ്രഹമായത്.
56 ഐ.പി.എൽ മത്സരങ്ങൾ നിയന്ത്രിക്കാനും ടി..വി ഡ്യൂട്ടിക്കുമായി 11 ഇന്ത്യൻ അമ്പയർമാരാണ് ഉള്ളത്. നെഗറ്റീവ് മാർക്ക് ലഭിച്ചാലും അമ്പയർമാരെ മാറ്റിനിറുത്താൻ കഴിയാത്ത അവസ്ഥായാണ്. ഇന്റർ നാഷണൽ ക്രിക്കറ്ര് കൗൺസിലിന്റെ എലൈറ്ര് പാനലിലുള്ള അമ്പയറാണ് രവി. ഇന്ത്യയിൽ നിന്ന രവി മാത്രമേ നിലവിൽ ഐ.സി.സിയുടെ എലൈറ്ര് പാനലിലുള്ളൂ..