പലതരത്തിലുള്ള മ്യൂസിയങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മനുഷ്യ സൃഷ്ടിക്ക് സംഭവിക്കുന്ന, സംഭവിച്ച രൂപ വൈകൃതങ്ങൾ, ഭ്രൂണാവസ്ഥയിലെ വ്യതിയാനങ്ങൾ കൊണ്ട് സംഭവിച്ചു പോയ മാറ്റങ്ങൾ, കേട്ടും വായിച്ചും മാത്രം നാം അറിഞ്ഞ മനുഷ്യകുല വൈവിധ്യങ്ങൾ.. അതിനു വേണ്ടി മാത്രമുള്ള ഒരു മ്യൂസിയം.
വ്രോളിക് മ്യൂസിയം എന്നാണ് പേര്. നെതർലാൻഡിലെ ആംസ്റ്റർഡാമിൽ 18ആം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഡച്ച് ശാസ്ത്രജ്ഞനായ ഗെരാർഡ്രസ് വ്രോളിക്, ഭ്രൂണങ്ങളുടേയും അവയുടെ അസാധാരണ രൂപ മാറ്റങ്ങളുടേയും മാതൃകകൾ ശേഖരിച്ച് തുടങ്ങിയത്. പിതാവിന്റെ മരണത്തോടെ അതിനേക്കാൾ ഗംഭീരമായി മകൻ വില്യം വ്രോളിക് തനത് വിഷയത്തിൽ ശേഖരണം തുടർന്നു. വില്യം വ്രോളിക് ഒരു ശാസ്ത്രജ്ഞൻ കൂടിയായിരുന്നു.
ഭ്രൂണ വൈകൃതങ്ങളെ കുറിച്ച് അദ്ദേഹം സമഗ്രമായ പഠനം നടത്തി. ഓരോ സ്പെസിമനും അദ്ദേഹം ആവേശത്തോടെ ശേഖരിച്ചു. വില്യമിന്റെ കാലശേഷം ഇന്നിത് ‘യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിന്റെ’ കീഴിലാണ്. മനുഷ്യ ഭ്രൂണങ്ങൾ ക്ക് സംഭവിക്കാവുന്ന 150പരം രൂപമാറ്റങ്ങൾ, അവയുടെ ആയിരക്കണക്കിന് സ്പെസിമെനുകൾ, സൈക്ളോപിയ, സയാമീസ്, എക്ടോപിയ തുടങ്ങി ഒട്ടുമിക്ക ഗണങ്ങളുടെയും വൻശേഖരം തന്നെ അവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഭ്രൂണ രൂപമാറ്റങ്ങളുടെ സ്പെസിമെനുകൾ അടങ്ങിയ മ്യൂസിയവും ഇതുതന്നെ. ഇവിടേക്ക് പ്രവേശനം സൗജന്യമാണ്.