ലണ്ടൻ: ബ്രിട്ടീഷുകാരി ജോ കാമറോണിനെ വേദനിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തോറ്റ് തുന്നം പാടും. ഭയപ്പെടുത്താൻ ശ്രമിച്ചാലും ഇതുതന്നെയായിരിക്കും അവസ്ഥ. വേദന, ഭയം, ഉത്കണ്ഠ, പരിഭ്രമം തുടങ്ങിയ വികാരങ്ങളൊന്നും പുള്ളിക്കാരിക്ക് അറിയില്ല. തള്ളലല്ല; നൂറുശതമാനം സത്യം. കോടിക്കണക്കിനുപേരിൽ ഒരാൾക്കുമാത്രം ബാധിക്കുന്ന അപൂർവ അവസ്ഥയാണിതെന്നാണ് വിദഗ്ധർ പറയുന്നത്.
കുറച്ചുനാൾ മുമ്പ് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയായപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. സാധാരണപോലെ മരുന്നുപയോഗിച്ച് മയക്കിയാണ് ശസ്ത്രക്രിയ നടത്തിയത്. മയക്കം വിട്ടപ്പോൾ വേദന സംഹാരികൾ നൽകാൻ നഴ്സുമാർ എത്തി. പക്ഷേ, തനിക്ക് വേദനയേ ഇല്ലെന്നായിരുന്നു ജോ അവരോട് പറഞ്ഞത്. ഇതാണ് അപൂർവാവസ്ഥ തിരിച്ചറിയാൻ ഇടയാക്കിയത്.
കുഞ്ഞുന്നാൾ മുതൽ വേദന തനിക്കൊരു പ്രശ്നമേ അല്ലായിരുന്നു എന്നാണ് ജോ പറയുന്നത്. എട്ടാമത്തെ വയസിൽ റോളർ സ്കേറ്റിൽ നിന്ന് മറിഞ്ഞുവീണ് കയ്യൊടിഞ്ഞു. പക്ഷേ,അത് അറിഞ്ഞതേയില്ല. ഒടുവിൽ കൈ തൂങ്ങിയാടുന്നതുകണ്ട അമ്മയാണ് എല്ലൊടിഞ്ഞ കാര്യം തിരിച്ചറിഞ്ഞത്. ശരീരത്തിൽ മുറിവേൽക്കുമ്പോൾ ചോരയുടെ നനവുതട്ടുമ്പോഴാണ് തിരിച്ചറിയുന്നത്.
പ്രസവ വേദനപോലും ജോ അറിഞ്ഞിട്ടില്ല. ചിലരോട് ഇക്കാര്യം പറഞ്ഞപ്പോൾ തള്ളാണെന്ന് പറഞ്ഞ് കളിയാക്കി. അതോടെ ഇക്കാര്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് നിറുത്തി. ഒരിക്കൽ പാചകത്തിനിടെ കൈ പൊള്ളി. പക്ഷേ, അറിഞ്ഞില്ല. ഒടുവിൽ മാംസംകരിഞ്ഞ ഗന്ധമുയർന്നപ്പോഴാണ് കാര്യമറിയുന്നത്.
അനസ്തേഷ്യ ഇല്ലാതെ വെരിക്കോസ് വെയിനിന് ഒാപ്പറേഷൻ നടത്തിയതിന്റെയും പല്ലെടുത്തതിന്റെയും മുറിവിൽ തുന്നലിട്ടതിന്റെയുമൊക്കെ നിരവധി ഒാർമകൾ ജോയ്ക്കുണ്ട്.ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ജോയുടെ അപൂർവ ജനിതകാവാസ്ഥ സ്ഥിരീകരിച്ചത്. പരമ്പരാഗതമായി കൈമാറി വന്ന ജീനുകൾ ജോയുടെ ശരീരത്തിലെത്തിയപ്പോൾ ജനിതക മാറ്റം വന്നതാണ് വേദന അറിയാതിരിക്കാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. ജോയുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് ഗവേഷകരുടെ തീരുമാനം.