കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി പ്രചാരണ പരിപാടികൾക്ക് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തുടക്കമിട്ടു. ആകെയുള്ള 23 സീറ്റിലും പാർട്ടി വിജയിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ആലിപുർദ്വാറിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തൃണമൂൽ കോൺഗ്രസ് ബംഗാളിലെ ജനാധിപത്യ പ്രക്രിയ തകർത്ത് ഭീകരവാഴ്ച നടത്തുകയാണെന്ന് ഷാ ആരോപിച്ചു. അവർ നുഴഞ്ഞുകയറ്റക്കാരെ ബംഗാളിൽ താമസിക്കാൻ അനുവദിക്കുന്നു. ബി.ജെ.പി അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനായി ദേശീയ രജിസ്‌ട്രേഷൻ കോ-ഓർഡിനേറ്ററെ നിയോഗിക്കും. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ നുഴഞ്ഞുകയറ്റക്കാർ സഹായിക്കുമെന്നാണ് മമതയുടെ വിചാരം.
ജനാധിപത്യം ബംഗാളിൽ തുടരണോ വേണ്ടയോ എന്ന് ഈ തിരഞ്ഞെടുപ്പ് തീരുമാനിക്കും. ഇവിടത്തെ സംസ്കാരവും പൈതൃകവുമെല്ലാം തൃണമൂൽ കോൺഗ്രസ് തകർത്തു. ഇപ്പോൾ ദുർഗാപൂജയും സരസ്വതീ പൂജയും നടത്താൻ പോലും സർക്കാരിന്റെ അനുമതി വേണം. ബി.ജെ.പി അധികാരത്തിൽ വന്നാൽ ഈ അവസ്ഥകൾക്ക് മാറ്റമുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.