ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും മികച്ച 4ജി നെറ്ര്‌വർക്ക് ലഭിക്കുന്ന 50 നഗരങ്ങളുടെ പട്ടികയിൽ ജാർഖണ്ഡിലെ ധൻബാദ് ഒന്നാമതെത്തി. ലണ്ടൻ ആസ്ഥാനമായ ഓപ്പൺ സിഗ്‌നൽ എന്ന വയർലെസ് സിഗ്‌നൽ നിരീക്ഷണ കമ്പനിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 95.30 ശതമാനം 4ജി ലഭ്യതയാണ് ധൻബാദ് കുറിച്ചത്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി 95 ശതമാനവുമായി രണ്ടാമതുണ്ട്. ശ്രീനഗറാണ് മൂന്നാമത് (94.90 ശതമാനം).
റായ്‌പൂർ, ഗ്വാളിയോർ, പട്‌ന, ഗുവഹാത്തി, കാൺപൂർ, ഭോപ്പാൽ, ലുധിയാന എന്നിവയാണ് യഥാക്രമം ടോപ് 10ൽ ഇടംനേടിയ മറ്ര് നഗരങ്ങൾ. ഡൽഹിയും മുംബയും അടക്കം രാജ്യത്തെ മെട്രോ നഗരങ്ങളൊന്നും ടോപ് 10ൽ ഇല്ലെന്നത് ശ്രദ്ധേയമാണ്. മെട്രോ നഗരങ്ങളിൽ ബംഗളൂരു 27, ചെന്നൈ 30, ഡൽഹി 39, മുംബയ് 40 എന്നിങ്ങനെ സ്ഥാനങ്ങളാണ് നേടിയത്. കേരളത്തിൽ നിന്ന് ഇടംപിടിച്ച ഏക നഗരമായ തിരുവനന്തപുരം 41-ാം സ്ഥാനത്താണ്; 4ജി ലഭ്യത 89.70 ശതമാനം.